വിദ്വേഷ പ്രസംഗം: ജസ്റ്റിസ് യാദവിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: വി.എച്ച്.പി യോഗത്തില്‍ പങ്കെടുത്ത് മുസ്‌ലിംകള്‍ക്കും ഭരണഘടനയ്ക്കുമെതിരേ പ്രസംഗിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങി. വിഷയത്തില്‍ ജഡ്ജിയെ വിളിപ്പിച്ച സുപ്രിംകോടതി കൊളീജിയത്തിന്റെ ഭാഗമായിരുന്ന ജസ്റ്റിസ് ഋഷികേശ് റോയ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞമാസം 31ന് സുപ്രിംകോടതിയില്‍നിന്ന് വിരമിച്ച ഋഷികേശ് റോയ്, ബാര്‍ ആന്‍ഡ് ബെഞ്ചിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊളീജിയം മുമ്പാകെ സ്വകാര്യമായി അദ്ദേഹം മാപ്പപേക്ഷിക്കാന്‍ തയാറായിരുന്നു. എന്നാല്‍ അടച്ചിട്ട മുറിയില്‍ ക്ഷമാപണം നടത്തിയാല്‍ പോരെന്നും പൊതുവേദിയില്‍ തന്നെ മാപ്പുപറയണമെന്നും കൊളീജിയം നിലപാടെടുത്തു. ഇതോടെ പരസ്യമായി ക്ഷമാപണം നടത്തുമെന്ന് ജഡ്ജി കൊളീജിയത്തിന് ഉറപ്പുനല്‍കി. ഡല്‍ഹി വിട്ടതോടെ അദ്ദേഹം നിലപാട് മാറ്റി, ഇതുവരെ മാപ്പപേക്ഷിച്ചില്ല. ക്ഷമാപണം നടത്താതിരുന്നതോടെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ദേഹത്തിനെതിരേ ആഭ്യന്തര അന്വേഷണം തുടങ്ങിയതെന്നും കേരളാ ഹൈക്കോടതി മുന്‍ ചീഫ്ജസ്റ്റിസ് കൂടിയായ ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞു.
ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുകയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയുമാവും സുപ്രിംകോടതി ചെയ്യുക. ജഡ്ജിക്കെതിരേ എന്ത് നടപടി സ്വീകരിക്കുകയാണെങ്കിലും ആഭ്യന്തര അന്വേഷണം ആവശ്യമാണ്. പ്രസംഗത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നവംബര്‍ 17നാണ് ജഡ്ജിയെ കൊളീജിയം വിളിപ്പിച്ചത്.
യാദവിനെതിരേ കൊളീജിയം കടുത്ത നടപടിയാണ് സ്വീകരിച്ചിരുന്നത്.
അലഹബാദ് ഹൈക്കോടതി ലൈബ്രറി ഹാളില്‍ വി.എച്ച്.പി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കവെയാണ്, മൃഗങ്ങളെ അറുക്കുന്നത് കൊണ്ട് മുസ്‍ലിംകളുടെ മക്കള്‍ക്ക് സഹിഷ്ണുതയുണ്ടാകില്ലെന്നും ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ഭരിക്കപ്പെടുകയെന്നും അടക്കമുള്ള പരാമര്‍ശങ്ങള്‍ ജഡ്ജി നടത്തിയത്.
An internal investigation has been launched against Shekhar Kumar Yadav, an Allahabad High Court judge, for making controversial remarks against Muslims and the Constitution during a VHP meeting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."