മിഹിറിൻ്റെ ആത്മഹത്യ: ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ നൽകി സ്കൂൾ
കൊച്ചി: വിദ്യാർത്ഥിയായ മിഹിർ മുഹമ്മദിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചി ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിനെ ജെംസ് മോഡേൺ അക്കാദമി സസ്പെൻ്റ് ചെയ്തു. വൈസ് പ്രിൻസിപ്പൽ ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. വൈസ് പ്രിൻസിപ്പാളിന്റെ ശിക്ഷാനടപടികൾ മിഹിറിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നെന്ന് കുടുംബം പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുമെന്ന് സർക്കാർ അറിയിച്ചു. നാളെ എറണാകുളം കളക്ടറേറ്റിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സിറ്റിംഗ് നടത്തും. കുട്ടിയുടെ കുടുംബാംഗങ്ങളോടും സ്കൂൾ അധികൃതരോടും നാളെ കളക്ട്രേറ്റിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മിഹിർ മുഹമ്മദിൻറെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത് വന്നു. മിഹിറിന് ഉണ്ടായ ദുരവസ്ഥ ഒരു കുട്ടിക്കും ഉണ്ടാകരുതെന്നും വിദ്യാർത്ഥിയുടെ മരണത്തിന് ഉത്തരവാദികളായവർ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. മിഹിർ മുഹമ്മദിൻ്റെ കുടുംബത്തിനെ അദ്ദേഹം അനുശോചനം അറിയിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യുഡി എഫ് കൺവീനർ കത്ത് നൽകി. കർശന നടപടിക്ക് ആഭ്യന്തര-വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്ന് ഹസൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."