കേരളത്തിന് അഭിമാനമായി ജോഷിത: സൂപ്പര്‍ വുമണ്‍ - അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ മിന്നുംപ്രകടനം
കൽപ്പറ്റ: അണ്ടര്‍19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ കേരളത്തിന് ഇരട്ടി മധുരം. വയനാട്ടുകാരി ജോഷിതയുടെ മിന്നും പ്രകടനം കിരീട നേട്ടത്തിന് മുതല്‍ക്കൂട്ടായതാണ് കേരളത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചത്. അണ്ടര്‍19 ഏഷ്യാകപ്പിലെ കിരീട നേട്ടത്തിന് പിന്നാലെ ലോകകപ്പും രാജ്യത്തിനായി ഉയര്‍ത്തിയ വി.ജെ ജോഷിത ഇന്ത്യന്‍ ടീമിലെ ഏക മലയാളിയാണ്. ലോകകപ്പില്‍ വിന്‍ഡീസിനെതിരെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയാണ് രാജ്യത്തിന്റെ കിരീട നേട്ടത്തില്‍ ജോഷിത നിര്‍ണായക സ്വാധീനമായത്. മീഡിയം പേസില്‍ പന്തെറിയുന്ന ജോഷിത ഇത്തവണ ഇന്ത്യയുടെ ഓപ്പണിങ്ങ് ബൗളറെന്ന ഖ്യാതി കൂടി തന്റെ പേരിലാക്കിയിട്ടുണ്ട്.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും സെമി ഫൈനല്‍ വരെ പന്ത് കൊണ്ട്് മികച്ച പ്രകടനമാണ് ജോഷിത നടത്തിയത്്. സൂപ്പര്‍ സിക്‌സില്‍ ബംഗ്ലാദേശിന്റെ ഓപ്പണറെ മടക്കിയും, ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയുടെ ഓപ്പണര്‍മാരില്‍ ഒരാളെ അക്കൗണ്ട് തുറക്കും മുമ്പ് കൈപ്പിടിയിലൊതുക്കിയും മറ്റൊരാളെ അഞ്ച് റണ്ണിലും പവലയിനിലേക്ക് മടക്കിയിരുന്നു ജോഷിത.
സെക്കന്റ് ഡൗണ്‍ ബാറ്ററെ വിക്കറ്റിന് മുന്നില്‍ കുടുക്കിയും കളി ഇന്ത്യയുടെ വരുതിയിലാക്കി. മത്സരത്തില്‍ ഒന്‍പത് പന്തുകള്‍ നേരിട്ട താരം 14 റണ്‍സെടുത്തും ടീമിന് കരുത്തായി. മലേഷ്യക്കെതിരെയും ഓപ്പണിങ് സ്‌പെല്ലിലെ ആദ്യ ഓവറില്‍ വിക്കറ്റ് നേടി ജോഷിത ടീമിനെ മുന്നോട്ട് നയിച്ചു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍ മാത്രം വഴങ്ങി രണ്ട് മുന്‍നിര വിക്കറ്റുകള്‍ പിഴുത ജോഷിത കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ആറ് വിക്കറ്റുകള്‍ നേടി ടൂര്‍ണമെന്റിലുടനീളം മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഏഷ്യാകപ്പിന് പിന്നാലെ ലോകകപ്പിലും ജോഷിത ശ്രദ്ധാകേന്ദ്രമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."