പ്രവാസികൾക്ക് റബർ വ്യവസായത്തിലേക്ക് സ്വാഗതം; ഭൂമിയും മറ്റ് സൗകര്യങ്ങളും സർക്കാർ നൽകും
ദുബൈ: പ്രവാസികളെ റബർ അധിഷ്ഠിത വ്യവസായം തുടങ്ങുന്നതിനായി സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ വ്യവസായത്തിൻ്റെ സിരാകേന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് റബർ കേരള ലിമിറ്റഡ് നിക്ഷേപകരെയും സംരംഭകരെയും ക്ഷണിക്കുന്നത്. സ്വാഭാവിക റബർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങൾക്ക് സംസ്‌ഥാന സർക്കാർ സ്ഥലം അനുവദിക്കും.
ടയർ മുതൽ ഗ്ലൗസ് വരെ, റബറിൽ നിന്നുള്ള ഏത് ഉൽപന്നത്തിന്റെയും ഫാക്ടറി ആരംഭിക്കാം. സ്‌ഥലവും മറ്റ് അനുമതികളും റബർ കേരള വഴി സർക്കാർ നൽകും. വിദേശ ഇന്ത്യക്കാരെ സംരംഭകരാകാൻ ക്ഷണിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ബിസിനസ് മീറ്റിൽ ആദ്യത്തേത് ഇന്നലെ ദുബൈയിൽ നടന്നു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് വ്യവസായങ്ങൾ ആരംഭിക്കുന്നത്.
റബർ ഉൽപാദക സംഘങ്ങളും കർഷകരും ചേരുന്ന ശൃംഖല ശക്തിപ്പെടുത്തിക്കൊണ്ട് റബർ വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ് റബർ കേരള ലക്ഷ്യമിടുന്നത്. മറ്റു സംസ്‌ഥാനങ്ങളിലെ റബർ വ്യവസായ സംരംഭങ്ങളുമായും റബർ കേരളയ്ക്കു നേരിട്ടു ബന്ധമുണ്ട്. ഈ സാഹചര്യങ്ങളിൽ പുതിയ വ്യവസായ അടിത്തറ പാകുകയാണ് നിക്ഷേപ യോഗങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്നു റബർ കേരള ഡയറക്‌ടർ കരിമ്പുഴ രാമൻ വ്യക്തമാക്കി. 164 ഏക്കറാണ് റബർ വ്യവസായം തുടങ്ങുന്നതിനായി കോട്ടയത്തെ വെള്ളൂരിൽ ലഭ്യമാക്കിയിരിക്കുന്നത്. ലാറ്റക്‌സ്, ഡ്രൈ റബർ, റബർ തടി തുടങ്ങിയ മേഖലകളിൽ വ്യവസായം തുടങ്ങാനുള്ള സൗകര്യവും സർക്കാർ ഇവിടെ ഒരുക്കിയിട്ടുണ്ട്.
വെള്ളൂരിലെ സൗകര്യങ്ങൾ
വെള്ളൂരിലെ റബർ വ്യവസായ സമുച്ചയത്തിൽ റബർ അധിഷ്‌ഠിത ഗവേഷണത്തിനുള്ള സൗകര്യം, റബറിൻ്റെ ഗുണമേന്മ പരിശോധനയ്ക്കുള്ള സൗകര്യം, റബർ ഉൽപന്നങ്ങളുടെ പ്രദർശനത്തിനുള്ള സ്‌ഥലം, വ്യവസായ ഇൻകുബേഷൻ സെന്റർ, പരിശീലനത്തിനുള്ള കേന്ദ്രം, റബർ ഉൽപന്നങ്ങൾ അണുവിമുക്തമാക്കാനുള്ള സൗകര്യം, റബർ ഉൽപന്നങ്ങൾ പുനരുപയോഗ യോഗ്യമാക്കുന്നതിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. റബറിൻ്റെ വിപുലമായ വ്യവസായ സാധ്യതകളെ പരിചയപ്പെടുത്തുകയാണ് വ്യവസായ പാർക്കിന്റെ ഭാഗമായ എക്സിബിഷൻ സെൻ്ററിലൂടെ ലക്ഷ്യമിടുന്നത്.
ലോകമെമ്പാടുമുള്ള റബർ അധിഷ്‌ഠിത വ്യവസായങ്ങളെയും ഉൽപന്നങ്ങളെയും ഈ എക്‌സിബിഷൻ സെൻ്ററിൽ അടുത്തറിയാൻ സാധിക്കും. റബറിൽ നിന്ന് ഉൽപാദിപ്പിക്കാവുന്നവയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും പുതിയ വ്യവസായ മേഖലയെപ്പറ്റി നിക്ഷേപകർക്ക് ചിന്തിക്കാനുള്ള അവസരവും ഈ എക്‌സിബിഷൻ സെന്റർ ഒരുക്കുന്നുണ്ട്. പുതിയതായി റബർ ഉൽപന്നം നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പുതിയ ഉൽപ്പന്നത്തിന്റെ ചെറു മാതൃകകൾ ഉണ്ടാക്കുന്നതു മുതൽ അതിന്റെ ഗുണമേന്മ നിലനിർത്തി മികച്ച ഉൽപ്പന്നം വിപണിയിൽ എത്തുക്കുന്നതു വരെ എല്ലാ കാര്യങ്ങളിലും റിസർച്ച് സെന്ററിന്റെ സഹായം ലഭ്യമാകും.
ഭൂമി പാട്ടത്തിന്
സംരംഭകർക്ക് കാലതാമസമില്ലാതെ നേരിട്ട് ഏറ്റെടുക്കാവുന്ന നിലയിൽ ഭൂമിയും ലഭ്യമാണ്. വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്‌തുക്കളും, വ്യവസായത്തിൽ നിന്നുള്ള ഉൽപന്നങ്ങളും സൂക്ഷിക്കാൻ വെയർഹൗസുകൾ, വ്യവസായത്തിന് ആവശ്യമായ ഉപകരണങ്ങൾ, വർക്ക്ഷോപ്, വൈദ്യുതി, 24 മണിക്കൂറും ജലസേചനം, ജോലിക്കാർക്കു താമസസൗകര്യം, കാന്റീൻ, ഗെസ്റ്റ് ഹൗസുകൾ, അഡ്‌മിനിസ്ട്രേറ്റിവ് ബിൽഡിങ് എന്നി സൗകര്യങ്ങളും വ്യവസായ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
65 മുതൽ 70 വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനുള്ള ഭൂമിയാണ് ഇപ്പോൾ തയാറാക്കുന്നത്. ഇത്തരത്തിൽ മൊത്തം 90 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സാധിക്കും. ഒരു യൂണിറ്റിന് അര ഏക്കറിന്റെ ഗുണിതങ്ങളാണ് ഭൂമിയായി ലഭിക്കുക. 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിനു അനുവദിക്കുക, പിന്നീട് ഇത് 60 വർഷത്തേക്ക് നീട്ടാം. 30 വർഷത്തേക്ക് 1.80 - 1.90 കോടി രൂപയാണ് വാടകയിനത്തിൽ നൽകേണ്ടത്. ദുബൈയിൽ സംരംഭകർക്കായി നടത്തിയ ബിസിനസ് മീറ്റിൽ റബർ കേരള അധ്യക്ഷയും മാനേജിങ് ഡയറക്‌ടറുമായ ഷീല തോമസ് ഓൺലൈനായി പങ്കെടുത്തു.
Kerala government invites NRIs to invest in the rubber industry, offering land and other facilities to support entrepreneurship.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."