വിദ്യാഭ്യാസ ഗുണനിലവാരത്തിൽ കേരളം വീണ്ടും താഴോട്ട് : ഗണിതത്തിലും വായനയിലും കുട്ടികൾ പിന്നിൽ
കോഴിക്കോട്: വിദ്യാഭ്യാസ ഗുണനിലവാരത്തിൽ കേരളം വീണ്ടും താഴോട്ട്. കുട്ടികളെ സ്‌കൂളുകളിലെത്തിക്കുന്നതിലും സൗകര്യങ്ങളൊരുക്കുന്നതിലും മുന്നിലെത്തുന്ന കേരളം ഗുണനിലവാരത്തിൽ താഴോട്ടാണെന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2024ലെ ആന്വൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് (റൂറൽ) വ്യക്തമാക്കുന്നു. വായിക്കാനും കണക്കിൽ കിഴിക്കാനും ഹരിക്കാനുമുള്ള കഴിവാണ് ദേശീയ വിദ്യാഭ്യാസ വാർഷിക റിപ്പോർട്ട് തയാറാക്കുന്നതിനുള്ള സർവേയിൽ പരിശോധിച്ചത്. 2018, 2022, 2024 വർഷങ്ങളിലെ വിവരങ്ങൾ വച്ചായിരുന്നു പഠനം.
കൊവിഡ് മഹാമാരിയെ തുടർന്ന് 2022ൽ രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം അൽപം താഴേക്കുപോയെങ്കിലും 2024ഓടെ മെച്ചപ്പെട്ടു. ഓരോ സംസ്ഥാനത്തിലും സർക്കാർ തലത്തിലും സ്വകാര്യ തലത്തിലുമുള്ള സ്ഥാപനങ്ങളാണ് ഈ സർവേയിലെ വസ്തുതകൾ ശേഖരിച്ചത്.
മൂന്നാം ക്ലാസ് വിദ്യാർഥികൾക്കിടയിൽ രണ്ടാം ക്ലാസിലെ പുസ്തകങ്ങൾ വായിക്കാനുള്ള കഴിവ് പരിശോധിച്ചപ്പോൾ 2018നെ അപേക്ഷിച്ച് കേരളം അൽപം മുന്നോട്ടുപോയതായി കണ്ടു. 2018ൽ 43.4 ശതമാനം ഉണ്ടായിരുന്നത് 2022ൽ 31.6 ആയി കുറഞ്ഞെങ്കിലും പിന്നീട് 44.4 ആയി മെച്ചപ്പെട്ടു. ഈ ഘട്ടത്തിലെ വായനയിൽ ഏറ്റവും മികച്ചതായി കാണുന്ന മേഘാലയയിൽ 2018ൽ 47.4 എന്നത് 23 ആയി 2022ൽ കുറയുകയും 46.6 ആയി 2024ൽ വർധിക്കുകയും ചെയ്തു.
മൂന്നാം ക്ലാസുകാരിൽ കിഴിക്കാൻ അറിയുന്നവർ കേരളത്തിൽ 44.3 ഉണ്ടായിരുന്നത് 26.9 ആയി കുറഞ്ഞു. 42.4 ഉണ്ടായിരുന്ന ഹിമാചലിൽ 46.7 ആയും 40.5 ഉണ്ടായിരുന്ന പഞ്ചാബിൽ 43.9 ആയും വർധിക്കുകയാണുണ്ടായത്. അഞ്ചാം ക്ലാസുകാരുടെ വായനയിലും കേരളം പിറകോട്ടുപോയി. 73.3 ശതമാനം എന്നത് 58.2 ആയി. അഞ്ചാംതരക്കാരുടെ ഹരണം പരിശോധിച്ചപ്പോൾ കേരളത്തിൽ വലിയ ഇടിവുണ്ടായി. 2018ൽ 33.3 ശതമാനം ഉണ്ടായിരുന്നത് 12.4 ആയി കുറഞ്ഞു.
സംസ്ഥാനത്തെ എട്ടാം ക്ലാസുകാരുടെ വായനയിൽ 87 ശതമാനം എന്നത് 82ലേക്ക് താഴ്ന്നു. 86.7 ഉണ്ടായിരുന്ന മിസോറാം 90.2ലേക്ക് ഉയർന്നപ്പോഴാണിത്. എട്ടിലെ ഹരണത്തിൽ 43.3 ഉണ്ടായത് 34.9 ആയി കുറഞ്ഞു. അതേസമയം ബിഹാറിൽ 55.1ൽ നിന്ന് 62 ആയി കൂടിയെന്ന് സർവേ പറയുന്നു. സ്മാർട്ട് ഫോണിന്റെ ലഭ്യത, വിദ്യാഭ്യാസമേഖലയിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിൽ കേരളമാണ് ഇന്ത്യയിൽ ഏറ്റവും മുന്നിൽ. 99.4 ശതമാനം വീടുകളിലും സ്മാർട്ട് ഫോൺ ഉള്ള സംസ്ഥാനമാണ് മിസോറാം. കേരളത്തിൽ 99.1 ശതമാനം വീടുകളിലും സ്മാർട്ട് ഫോൺ ഉണ്ട്. 21 സംസ്ഥാനങ്ങൾ ഈ വിഭാഗത്തിൽ 90 ശതമാനത്തിന് മുകളിലാണ്.
കുട്ടികൾക്ക് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ ലഭ്യമാക്കിയതിൽ കേരളത്തിന്റെ 97.3 ന് തൊട്ടു മുകളിലുള്ളത് സിക്കിം (97.5) മാത്രമാണ്. ആറു സംസ്ഥാനങ്ങളേ ഇതിൽ 90 ശതമാനത്തിന് മുകളിലുള്ളൂ. ഓൺലൈൻ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിലുള്ള കേരളത്തിൽ 82.4 ശതമാനമാണ്. കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലും (90.9) കേരളമാണ് മുന്നിൽ. മൊബൈൽ ഫോണിൽ അലാറം വയ്ക്കാനും വെബ്‌സൈറ്റുകളിലും യുട്യൂബിലും ആവശ്യമായത് തിരയാനും ഇവ പങ്കുവയ്ക്കാനും അറിയാവുന്ന കുട്ടികളുടെ എണ്ണത്തിലും കേരളമാണ് ഏറ്റവും മുന്നിൽ. കുട്ടികളെ പ്രീ സ്‌കൂളുകളിലെത്തിക്കുന്നതിൽ 2018-2024 കാലയളവിൽ ദേശീയതലത്തിൽ തന്നെ വലിയ മുന്നേറ്റം ഉണ്ടായി. ഭൂരിപക്ഷം കുട്ടികളും അങ്കണവാടികളെയാണ് പ്രീ സ്‌കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."