വകയിരുത്തിയ തുകയിൽ നൽകിയത് 1.39 ശതമാനം മാത്രം ; ധനവകുപ്പിന്റെ കടുംവെട്ടിൽ നിലച്ച് ന്യൂനപക്ഷ സ്‌കോളർഷിപ്പ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ധനവകുപ്പിന്റെ കടുംവെട്ടിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പ് നിലച്ചു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സ്‌കോളർഷിപ്പ് ആണ് ധനവകുപ്പിന്റെ നടപടിയെ തുടർന്ന് മുടങ്ങിയത്. 87.63 കോടി രൂപ ന്യൂനപക്ഷ ക്ഷേമ ഡയരക്ടറേറ്റിന് സ്കോളർഷിപ്പ് നൽകാൻ 2024-25 ലെ പദ്ധതിയിൽ വകയിരുത്തിയിരുന്നതാണ്. സാമ്പത്തിക വർഷം തീരാൻ രണ്ടു മാസം മാത്രം ഉള്ളപ്പോൾ വകയിരുത്തിയ തുകയിൽ ചെലവാക്കിയത് 1.39 ശതമാനം മാത്രമാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് കണക്കുകൾ പറയുന്നു.
വകുപ്പിന്റെ ധനവിനിയോഗ പ്രകടനം ഏറെ ദയനീയവുമാണ്. സി.എ/ഐ.സി.ഡബ്ല്യു.എ കോഴ്‌സ് ചെയ്യുന്നവർക്ക് 97 ലക്ഷം രൂപ സ്‌കോളർഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ല. മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പിന് വകയിരുത്തിയത് 82 ലക്ഷമാണ്. ഇതിലും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. പഠനത്തിൽ മികവ് പുലർത്തുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് 7.14 കോടി സ്‌കോളർഷിപ്പിന് വകയിരുത്തിയിട്ടുണ്ട്. വകയിരുത്തൽ അല്ലാതെ ഒരു രൂപ പോലും ഇതുവരെ കൊടുത്തില്ല.
കരിയർ ഗൈഡൻസിന് 1.20 കോടി, സ്‌കിൽ ട്രെയിനിങ്ങിന് 5.82 കോടി, പ്രീ മെട്രിക് സ്‌കോളർഷിപ്പിന് 20 കോടി, നഴ്‌സിങ് /പാരാ മെഡിക്കൽ കോഴ്‌സ് ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ വകയിരുത്തലുകൾ ഉണ്ടെങ്കിലും ഒരു രൂപ പോലും ഇതിനൊന്നും ഇതുവരെ അനുവദിച്ചിട്ടില്ല.
ന്യൂനപക്ഷ ക്ഷേമത്തിന്റെ മന്ത്രിയായ വി.അബ്ദുറഹിമാന്റെ ഇടപെടലും ഇക്കാര്യത്തിൽ ഉണ്ടായില്ലെന്നതാണ് ആക്ഷേപം. സ്‌കോളർഷിപ്പിന് ധനവകുപ്പിനെ കൊണ്ട് പണം അനുവദിപ്പിക്കാൻ സമ്മർദ്ദം ചെലുത്തേണ്ടത് വകുപ്പു മന്ത്രിയാണ്. മന്ത്രി മറ്റു വകുപ്പുകളുടെ തിരക്കിലാണെങ്കിൽ തന്നെ, പദ്ധതിക്കുള്ള തുക ചെലവഴിക്കേണ്ടതിന് നേതൃത്വം നൽകേണ്ട ന്യൂനപക്ഷ ക്ഷേമ ഡയരക്ടർ രേണു രാജിനും ഉത്തരവാദിത്വമില്ലേയെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."