കൊതുക് നിർമാർജ്ജനത്തിന് സ്മാർട്ട് ട്രാപ്പുകളുമായി ദുബൈ മുനിസിപ്പാലിറ്റി
ദുബൈ: കൊതുക് ശല്യം തടയാൻ പുതിയ തന്ത്രവുമായി ദുബൈ മുനിസിപ്പാലിറ്റി. കൊതുകുകളെയും മറ്റ് പ്രാണികളെയും കെണിവെച്ചു പിടിക്കാൻ നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ 237 സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് മുനിസിപ്പാലിറ്റി അധികൃതർ. പൊതുജനാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻകരുതൽ പ്രതിരോധ തന്ത്രങ്ങൾ നടപ്പിലാക്കുന്നതിനും പ്രാണികൾ പരത്തുന്ന അപകടങ്ങളിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള മുനിസിപ്പാലിറ്റിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് അധികൃതർ വ്യക്തമാക്കി.
ശൈത്യകാലത്ത് കൊതുകുകളുടെ പുനരുൽപാദന നിരക്കിൽ വർധനവുണ്ടാകുകയും അവയുടെ ശല്യം രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിക്കുന്നത്. റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, വ്യാവസായിക മേഖലകൾ, ജലാശയങ്ങൾ, മാർക്കറ്റുകൾ, പാർക്കുകൾ, പൊതു സൗകര്യങ്ങൾ തുടങ്ങിയവക്ക് സമീപം എമിറേറ്റിലുടനീളം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇതിനകം സ്മാർട്ട് ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
ശുദ്ധമായ സൗരോർജത്താൽ പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാപ്പുകൾ തുടർച്ചയായ പ്രാണി നിരീക്ഷണം നടത്തുകയും ദുബൈയിലുടനീളമുള്ള കൊതുക് പ്രവർത്തനത്തെക്കുറിച്ചുള്ള തത്സമയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു. ഇത് കൂടുതൽ ഫലപ്രദമായ കീടനിയന്ത്രണ നടപടികൾക്ക് സംഭാവന നൽകുകയും പ്രതിരോധ പൊതുജനാരോഗ്യ തന്ത്രങ്ങൾ ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യുമെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. എമിറേറ്റിലുടനീളം ആരോഗ്യ സുരക്ഷാ നടപടികളുടെ ഭാഗമായി കീട നിയന്ത്രണത്തിനുള്ള സമഗ്ര പരിപാടികൾ നടപ്പിലാക്കി വരികയാണെന്ന് മുനിസിപ്പാലിറ്റി പറഞ്ഞു.
അതേസമയം വീടുകളുടെ പരിസരങ്ങളിൽ കൊതുകുകളുടെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ മുനിസിപ്പാലിറ്റി താമസക്കാരോട് നിർദേശിച്ചു. ഇതിനായി ഒരു കൂട്ടം മാർഗനിർദേശങ്ങളും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
വീടിനു ചുറ്റും കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുക, ടാപ്പുകളിൽ നിന്നും ചെടികൾക്ക് വെള്ളം നനയ്ക്കുന്ന സമയത്ത് വെള്ളം ചോരുന്നത് തടയുക, വാട്ടർ കൂളറുകളിൽ നിന്നും വെള്ളം ഒഴുകുന്നത് യഥാസമയം നീക്കം ചെയ്യുക, എയർ കണ്ടീഷണറുകളിൽ നിന്നുള്ള വെള്ളം ഒരിടത്ത് കെട്ടി നിൽക്കുന്നത് ഒഴിവാക്കുക, വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള കേടായ പാത്രങ്ങളും പഴയ ടയറുകളും നീക്കം ചെയ്യുക, വിൻഡോ സ്‌ക്രീനുകൾ സ്ഥാപിക്കുക, വാട്ടർ ടാങ്കുകളും മലിനജല ഡ്രെയിനേജ് കവറുകളും കർശനമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങി നിരവധി നിർദേശങ്ങളാണ് മുൻസിപ്പാലിറ്റി നൽകിയിട്ടുള്ളത്.
Dubai Municipality launches innovative smart traps to effectively monitor and eliminate mosquito populations, ensuring a healthier and safer environment for residents and visitors.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."