ലാലിഗയിൽ ബാഴ്‌സലോണക്ക് മിന്നും ജയം; വലൻസിയയെ പരാജയപ്പെടുത്തി
മാഡ്രിഡ്: ലാലിഗയിൽ വലൻസിയയെ തകർത്തെറിഞ്ഞ് ബാഴ്‌സലോണ. 7-1നായിരുന്നു ബാഴ്സലോണയുടെ വിജയം. ലാലിഗയിൽ ജയം കാണാത്ത നാല് മത്സരങ്ങൾക്കൊടുവിലാണ് ബാഴ്സലോണ വയൻസിയക്കെതിരെ വമ്പൻ ജയവുമായി വിജയവഴിയിലേക്ക് തിരിച്ചെത്തിയത്.
മൂന്നാം മിനിറ്റിൽ ലാമിൻ യാമലിന്റെ അസിസ്റ്റിൽ ഫ്രാങ്കി ഡിജോങ്ങിലൂടെയാണ് ബാഴ്‌സ ലക്ഷ്യം കണ്ടത്. പിന്നീട്, എട്ടാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്സയുടെ രണ്ടാംഗോൾ നേടി. 14-ാം മിനിറ്റിൽ ബ്രസീലിയൻ സൂപ്പർ താരം റഫീഞ്ഞയും ഗോൾ നേടിയതോടെ ബാഴ്സ 3-0ന് മുന്നിലെത്തി.
പിന്നീട്, 24-ാം മിനിറ്റിലും 49-ാം മിനിറ്റിലും ഫെർമിൻ ലോപസ് ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ ബാഴ്‌സ 5-0ന് മുന്നിലെത്തി. കളി പുരോഗമിക്കവേ 59-ാം മിനിറ്റിൽ ഹ്യൂഗോ ഡ്യൂറോയിലൂടെ വലൻസിയയുടെ ഏക ഗോളെത്തി. സ്കോർ 5-1. എന്നിട്ടും ആക്രമിച്ചു കളിച്ച ബാഴ്‌സ 66-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയിലൂടെ ആറാം ഗോളും നേടി. 75-ാം മിനിറ്റിൽ വലൻസിയ താരം സെസാർ തരേഗയുടെ സെൽഫ് ഗോൾ കൂടിയെത്തിയതോടെ ബാഴ്‌സയുടെ വിജയം പൂർണ്ണമായി.
വലൻസിയയെ നിഷ്പ്രഭരാക്കിയ മത്സരത്തിൽ സമ്പൂർണ ആധിപത്യം ബാഴ്‌സക്കായിരുന്നു. 72 ശതമാനം ബോൾ പൊസഷനോടെ ബാഴ്‌സ ഗോൾ ലക്ഷ്യമിട്ട് 11 ഷോട്ടുകൾ തൊടുത്തപ്പോൾ വലൻസിയക്ക് രണ്ട് ഷോട്ടുകൾക്ക് മാത്രമാണ് അവസരം ലഭിച്ചത്.
വലൻസിയക്കെതിരായ വിജയത്തോടെ ബാഴ്‌സ 21 മത്സരങ്ങളിൽ 42 പോയിൻ്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. 49 പോയിന്റുള്ള റയൽ മഡ്രിഡാണ് ഒന്നാമതും, അത്ലറ്റിക്കോ മഡ്രിഡ് രണ്ടാമതുമാണ്.
Barcelona secured a thrilling win in La Liga, overpowering Valencia with an impressive performance, as reported by various sources including ESPN and Eurosport
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."