മെസിയെ വീഴ്ത്തി റൊണാൾഡോക്കൊപ്പമെത്തി; ചാമ്പ്യൻസ് ലീഗിൽ ലെവൻഡോസ്‌കി കുതിക്കുന്നു
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബെനിഫിക്കക്കെതിരെ ആവേശകരമായ വിജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത്. മത്സരത്തിൽ 5-4 എന്ന സ്കോറിലാണ് കറ്റാലന്മാർ വിജയിച്ചത്. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻഡോസ്‌കി, റാഫിഞ്യാ എന്നിവർ ഇരട്ട ഗോൾ നേടി മികച്ച പ്രകടനമാണ് നടത്തിയത്. എറിക് ഗാർസിയയുടെ വകയായിരുന്നു ബാഴ്സയുടെ ബാക്കിയുള്ള ഒരു ഗോൾ.
മത്സരത്തിലെ ലെവൻഡോസ്‌കിയുടെ രണ്ട് ഗോളുകളും പെനാൽറ്റിയിലൂടെയാണ് പിറന്നത്. 13, 78 മിനിറ്റുകളിലാണ് ലെവൻഡോസ്‌കി ഗോളുകൾ നേടിയത്. ഇതോടെ യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു റെക്കോർഡിനൊപ്പമെത്താനും ലെവൻഡോസ്‌കിക്ക് സാധിച്ചു.
പെനാൽറ്റി കിക്കുകളിൽ നിന്നും ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റൊണാൾഡോയുടെ നേട്ടത്തിനൊപ്പമാണ് ലെവൻഡോസ്‌കി എത്തിയത്. ചാമ്പ്യസ്ന ലീഗിൽ 19 ഗോളുകളാണ് പെനാൽറ്റിയിൽ നിന്നും ലെവൻഡോസ്‌കി നേടിയത്. 18 ഗോളുകൾ ഇത്തരത്തിൽ നേടിയ ലയണൽ മെസിയെ മറികടന്നുകൊണ്ടാണ് ലെവൻഡോസ്‌കി മുന്നേറിയത്.
മത്സരത്തിൽ ബെനിഫിക്കക്ക് വേണ്ടി വാൻഗലിസ് പാവ്ലിഡിസ് ഹാട്രിക് നേടി തിളങ്ങി. 2, 22, 30 എന്നീ മിനിറ്റുകളിലാണ് താരം ഗോളുകൾ നേടിയത്. റൊണാൾഡ് അറൗഡോ ഒരു ഗോളും നേടി.
നിലവിൽ ചാമ്പ്യൻസ് ലീഗിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സലോണ. ഏഴ് മത്സരങ്ങളിൽ നിന്നുമായി ആറ് വിജയവും ഒരു തോൽവിയും അടക്കം 18 പോയിന്റാണ് ബാഴ്സയുടെ കൈവശമുള്ളത്. ലാ ലീഗയിൽ ജനുവരി 27ന് വലൻസിയക്കെതിരെയാണ് സ്പാനിഷ് വമ്പന്മാരുടെ അടുത്ത മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."