കോട്ടയം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് നടത്തിയ പെട്രോളിങ്ങിൽ ഐ ഫോൺ മോഷ്ടാവ് പിടിയിൽ
കോട്ടയം:കോട്ടയം റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് നടത്തിയ പെട്രോളിങ്ങിൽ കുടുങ്ങി ഐ ഫോൺ മോഷ്ടാവ്. റെയിൽവേ സ്റ്റേഷനിൽ യാത്രാ രേഖകളില്ലാതെ നിന്ന ഇതര സംസ്ഥാനക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരന്‍റെ ഐ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയാണ് റെയിൽവേ പൊലീസിന്‍റെ വലയിലായത്. ബംഗാളിലെ മുർഷിതാബാദ് സ്വദേശിയായ പ്രതി എസ്കെ മഹർ അലിയെ റിമാന്‍റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ പ്ലാറ്റ്ഫോമിൽ റെയിൽവേ പൊലീസ് നടത്തിയ പെട്രോളിങ്ങിനിടയിലാണ് ഫോൺ മോഷ്ടാവ് കുടുങ്ങുന്നത്. റെയിൽവേ പൊലീസ് എസ്ഐ റെജി ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടയിലാണ് എസ് കെ മഹർ അലി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഇയാളുടെ കൈയ്യിൽ യാത്ര ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഒന്നും ഉണ്ടായിരുന്നില്ല. സംശയം തോന്നിയ പൊലീസ് സംഘം മഹർ അലിയോട് ചില വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെയിലാണ് ഇയാളുടെ കൈയ്യിൽ വിലകൂടിയ ഐ ഫോൺ പൊലീസിന്‍റെ ശ്രദ്ധിക്കുന്നത്. ഫോണിന്‍റെ സ്ക്രീൻ ലോക്ക് അഴിക്കാൻ പൊലീസ് പറഞ്ഞതോടെ മഹർഅലി കുടുങ്ങുകയായിരുന്നു. പല വട്ടം ശ്രമിച്ചിട്ടും ലോക്ക് അഴിക്കാൻ സാധിക്കാതെ വന്നതോടെ പൊലീസ് മഹർ അലിയെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ഒടുവിൽ ഫോൺ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിസാമുദ്ദീൻ എക്സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന യാത്രക്കാരന്‍റെ ഒന്നേകാൽ ലക്ഷം വിലയുള്ള ഐ ഫോൺ മോഷണം പോകുന്നത്. ഇതിന് പിന്നാലെ തന്നെ ഇയാൾ റെയിൽവേ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പൊലിസ് പിടിയിലാവുന്നത്.കോട്ടയം ഞാലിയാംകുഴിയിലെ റബർ കമ്പനിയിൽ ജോലി ചെയ്തിരുന്ന മഹർ അലി പെരുമ്പാവൂരിലെ സുഹൃത്തുക്കളെ കണ്ട ശേഷം മടങ്ങി വരുമ്പോഴാണ് മോഷണം നടത്തിയത്. വീണ്ടും പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെയാണ് പ്രതി പൊലീസിന്‍റെ പിടിയിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."