കൊഴിഞ്ഞുപോക്ക് തുടരുന്നു; പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്സ് വിട്ടു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ പ്രീതം കോട്ടാൽ ക്ലബ് വിട്ടു. രണ്ടര വർഷത്തെ കരാറിൽ ചെന്നൈയിൻ എഫ്സിയിലേക്കാണ് പ്രീതം കോട്ടാൽ കൂടുമാറിയത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ നിർണായകമായ താരമായിരുന്നു പ്രീതം കോട്ടാൽ. ൨൦൨൩ൽ ആയിരുന്നു താരം കേരളത്തിലെത്തുന്നത്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിൽ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ടീമിനായി ൩൯ മത്സരങ്ങളിൽ ആയിരുന്നു പ്രീതം കോട്ടാൽ കളത്തിലിറങ്ങിയത്.
2014ൽ പൂനെ സിറ്റി എഫ്സിക്ക് വേണ്ടിയാണ് പ്രീതം കോട്ടാൽ ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അത്ലറ്റിക്കോ ഡി കൊൽക്കത്ത, ഡൽഹി ഡൈനാമോസ് എന്നീ ടീമുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടി. താരം മൂന്ന് തവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ 176 മത്സരങ്ങൾ കളിച്ച അനുഭവസമ്പത്തുള്ള പ്രീതം കോട്ടാൽ ചെന്നൈ നിരയിലെത്തുമ്പോൾ ടീമിന്റെ പ്രതിരോധം കൂടുതൽ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.
നിലവിൽ 16 മത്സരങ്ങളിൽ നിന്നും നാല് വിജയവും അഞ്ചു സമനിലയും ഏഴ് തോൽവിയുമായി 17 പോയിന്റുമായി പത്താം സ്ഥാനത്താണ് ചെന്നൈ. ജനുവരി 21ന് മോഹൻ ബഗാനെതിരെയാണ് ചെന്നൈയിൻ എഫ്സിയുടെ അടുത്ത മത്സരം. ഈ മത്സരത്തിൽ പ്രീതം കോട്ടാൽ ചെന്നൈക്കായി കളത്തിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."