റയലിന് പകരം ബാഴ്‌സലോണയിൽ കളിക്കാൻ തീരുമാനിച്ചതിന്റെ കാരണം അതാണ്: നെയ്മർ
2013ലായിരുന്നു നെയ്മർ ബ്രസീലിയൻ ക്ലബ് സാന്റോസിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയത്. രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു നെയ്മർ ബാഴ്സയിൽ എത്തിയത്. റയൽ മാഡ്രിഡിൽ ചേരാതെ ബാഴ്‌സലോണയിൽ കളിക്കാനുള്ള ഈ തീരുമാനത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് നെയ്മർ. മുൻ താരമായ റൊമാരിയോടൊപ്പമുള്ള പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നെയ്മർ.
'റയൽ മാഡ്രിഡിന് പകരം ബാഴ്‌സലോണയെ തെരഞ്ഞെടുത്തതിൽ ഞാൻ ഖേദിക്കുന്നില്ല. എന്റെ മനസ്സ് അങ്ങോട്ടാണ് പോയത്. എനിക്ക് മെസ്സിയുടെ കൂടെ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട ടീമായിരുന്നു ബാഴ്സലോണ. റൊണാൾഡീഞ്ഞോയുടെ കാലഘട്ടം മുതൽ തന്നെ ഞാൻ ബാഴ്‌സയെ എപ്പോഴും കാണാറുണ്ടായിരുന്നു. അവിടെ കളിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു. അത് സംഭവിക്കുകയും ചെയ്തു.
ഇത് വളരെ തീവ്രമായ ദിവസങ്ങളായിരുന്നു. റയൽ മാഡ്രിഡിൻ്റെ ആളുകളും ബാഴ്‌സലോണയുടെ ആളുകളും മാറി മാറി വിളിച്ചു. രണ്ട് ടീമിന്റെയും പ്രസിഡൻ്റുമാരും എന്നോട് സംസാരിക്കുമായിരുന്നു. ഈ സമയങ്ങളിൽ രണ്ട് ടീമിനും വേണ്ടി കളിക്കുന്നതായി ഞാൻ സങ്കൽപ്പിച്ചു. പിന്നീട് ഞാൻ ബാഴ്‌സലോണയെ തിരഞ്ഞെടുത്തു,' നെയ്മർ പറഞ്ഞു.
ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയങ്ങളിൽ റയൽ മാഡ്രിഡിനെതിരെ എട്ട് മത്സരങ്ങളിൽ ആണ് നെയ്മർ കളിച്ചത്. ഇതിൽ മൂന്ന് ഗോളുകളും അഞ്ചു അസിസ്റ്റുകളുമാണ് താരം നേടിയത്. നെയ്മർ ഇറങ്ങിയ എട്ട് മത്സരങ്ങളിൽ നാല് തവണ ബാഴ്സ വിജയിച്ചപ്പോൾ മൂന്ന് തവണ പരാജയപ്പെടുകയും ചെയ്തു. ഒരു മത്സരം സമനിലയിലും പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."