സാങ്കേതിക സർവകലാശാലയിൽ വൻ ക്രമക്കേട് ; അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അടിമുടി ക്രമക്കേടെന്ന് അക്കൗണ്ടന്റ് ജനറലിന്റെ 2024ലെ ഓഡിറ്റ് റിപ്പോർട്ട്. പരീക്ഷാ നടത്തിപ്പ്, വാഹന ഉപയോഗം അടക്കമുള്ളവയിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. സർവകലാശാലാ പരീക്ഷാ നടത്തിപ്പിനുള്ള സോഫ്റ്റ് വെയർ പരിപാലനത്തിന് സ്വകാര്യ ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപയാണ് നൽകുന്നത്. 50 ലക്ഷത്തിലധികം രൂപ ചെലവാകുന്ന പദ്ധതികൾ നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ ഐ.ടി വകുപ്പിന്റെ അനുമതി ആവശ്യമാണെന്നിരിക്കേ ഇത് മറികടന്ന് സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.
പരീക്ഷാ സംബന്ധമായ സോഫ്റ്റ് വെയറുകളുടെ കരാർ കെൽട്രോണിനാണ് സർവകലാശാല നൽകിയത്. എന്നാൽ, കെൽട്രോൺ ഈ കരാർ ഉപകരാറായി ഓസ്പിൻ ടെക്‌നോളജി എന്ന സ്വകാര്യ സ്ഥാപനത്തിന് നൽകുകയായിരുന്നു. സർവകലാശാലയുടെ അനുമതിയില്ലാതെയായിരുന്നു കെൽട്രോണിന്റെ നടപടി. സർവകലാശാല ഇക്കാര്യമറിഞ്ഞിട്ടും സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർക്കുള്ള യോഗ്യതയും പ്രാപ്തിയും പരിശോധിക്കാൻ കൂട്ടാക്കിയില്ല. യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷയുമായി കാത്തിരിക്കേ കരാർ ജീവനക്കാരെ സർവകലാശാല നേരിട്ട് നിയമിച്ചു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെയല്ലാതെ കരാർ ജീവനക്കാരെ നേരിട്ട് നിയമിച്ചത് സി.എൻ.വി (കംപൽസറി നോട്ടിഫിക്കേഷൻ ഓഫ് വേക്കൻസി) നിയമം മറികടന്നാണെന്നും അവർക്ക് സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ അധികമായി 9.25 കോടി രൂപ വിതരണം ചെയ്തുവെന്നും റിപ്പോർട്ട് പറയുന്നു. സിൻഡിക്കേറ്റ് അംഗമായ പി.കെ ബിജു എ.കെ.ജി സെന്ററിലേക്കും സി.ഐ.ടി.യു ഓഫിസിലേക്കും പോകാൻ സർവകലാശാലയുടെ വാഹനം ദുരുപയോഗം ചെയ്തതായും സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥർ ഉപയോഗിക്കേണ്ട ഈ വാഹനങ്ങൾ കരാർ നിയമനം നേടിയവർ ദുരുപയോഗിച്ചതായും റിപ്പോർട്ടിലുണ്ട്.
മുൻ വി.സി ഡോ. രാജശ്രീയും പി.വി.സി ഡോ. അയൂബും വീട്ടുവാടക ബത്തയും ശമ്പള പരിഷ്‌കരണ കുടിശ്ശികയുമായി 18 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നും ഇത് ചട്ടവിരുദ്ധമാണെന്നും റിപ്പോർട്ടിലുണ്ട്.
മറ്റ് കണ്ടെത്തലുകൾ
സർവകലാശാലയിലെ ഇടത് സംഘടനാ പ്രസിഡന്റായിരുന്ന ഹരികൃഷ്ണൻ ശമ്പള കുടിശ്ശിക ഇനത്തിൽ 88,000 രൂപ അനധികൃതമായി കൈപ്പറ്റി. ഇത് ഈടാക്കാതെ വിരമിക്കാൻ അനുവദിച്ചു. ഈ തുക 18 ശതമാനം പലിശയോടെ ഈടാക്കണം.
സർവകലാശാലയുടെ പി.എഫ് അക്കൗണ്ട് നിയമങ്ങൾ പാലിക്കാതെയും കൃത്യതയില്ലാതെയുമാണ് കൈകാര്യം ചെയ്യുന്നത്
അന്വേഷണം വേണം; ഗവർണർക്ക് നിവേദനം
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളിലും അഴിമതികളിലും അന്വേഷണം നടത്താൻ വൈസ് ചാൻസലർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
സ്വകാര്യ ഏജൻസിക്ക് ചുമതലയില്ലെന്ന് സർവകലാശാല
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിന് സ്വകാര്യ ഏജൻസിയെ ഉപയോഗിക്കുന്നില്ലെന്ന് സാങ്കേതിക സർവകലാശാല. പരീക്ഷാ കൺട്രോളറുടെ നേതൃത്വത്തിൽ രണ്ട് അസി. ഡയരക്ടർമാരും ഡെപ്യൂട്ടി രജിസ്ട്രാർ മുതലുള്ള സർവകലാശാലാ ഉദ്യോഗസ്ഥരുമാണ് പരീക്ഷാ നടത്തിപ്പ് ചുമതല നിർവഹിക്കുന്നതെന്നും കെൽട്രോണുമായി ടൈം ആൻഡ് മെറ്റീരിയൽ കോൺട്രാക്ട് ആണുള്ളതെന്നും സർവകലാശാല പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."