കോഴിക്കോട് മെഡി.കോളജിൽ മരുന്ന് വിതരണം നിലച്ചു
കോഴിക്കോട് ഒമ്പത് മാസത്തോളമായി മരുന്ന് വിതരണക്കാർക്ക് ലഭിക്കാനുള്ള പണം കുടിശ്ശികയായതോടെ മെഡി. കോളജ് ആശുപത്രിയിലേക്കുള്ള മരുന്ന് വിതരണം ഇന്ന് നിലയ്ക്കും. ന്യായവില മെഡിക്കൽ സ്റ്റോറുകളിലേക്ക് മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്ത ഇനത്തിൽ ഏപ്രിൽ മുതൽ ഡിസംബർ വരെ വിതരണക്കാർക്ക് ലഭിക്കാനുള്ളത് 90 കോടിയാണ്. ഇത് ലഭിക്കാത്ത പശ്ചാത്തലത്തിലാണ് ഓൾ കേരള കെമിസ്റ്റ് ആൻഡ്ഡ്രഗിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മരുന്ന് വിതരണം ഇന്നുമുതൽ നിർത്തി വയ്ക്കുന്നത്. ഇതോടെ മെഡി. കോളജിന്റെ പ്രവർത്തനം തന്നെ പ്രതിസന്ധിയിലാകും. കുടിശ്ശിക അനുവദിച്ചില്ലെങ്കിൽ ഇന്നു മുതൽ മരുന്ന്, സർജിക്കൽ ഉപകരണ വിതരണം നിർത്തിവയ്ക്കുമെന്ന് കാണിച്ച് ആരോഗ്യവിഭാഗം പ്രിൻസിപ്പൽ സെക്രട്ടറിക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പ ലിനും ആശുപത്രി സൂപ്രണ്ടിനും അസോസിയേഷൻ നേരത്തെ കത്ത് നൽകിയിരുന്നു.
എന്നിട്ടും ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നടപടിയും ഉണ്ടായിട്ടില്ല. ഇതോടെയാണ് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. മരുന്ന് വിതരണം നിലയ്ക്കുന്ന മെഡി.കോളജിലെത്തുന്ന പാവപ്പെട്ട രോഗികൾക്കാണ് ദുരിതം വിതയ്ക്കുക. വലിയ വിലകൊടുത്ത് മരുന്നും അനുബന്ധ ഉപകരണങ്ങളും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാകും രോഗികൾ. കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ മരുന്ന് വിതരണം ചെയ്യുന്ന ആരോഗ്യകേന്ദ്രങ്ങളിൽ ഒന്നാണ് കോഴിക്കോട് മെഡി.കോളേജ്.
8,000 രൂപക്ക് ലഭിക്കേണ്ട കാൻസർ മരുന്നുകൾ 3,000 രൂപക്ക് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയുണ്ടാകും. കൂടാതെ ഡയാലിസിസ് അടക്കമുള്ള ചികിത്സകൾക്കായി മറ്റ് ആശുപത്രികളെയും ആശ്രയിക്കേണ്ടി വരും. 2024 മാർച്ചിലും കുടിശ്ശികയെത്തുടർന്ന് കമ്പനികൾ മരുന്ന്, ഉപകരണ വിതരണം നിർത്തിവച്ചത് മെഡി. കോളജിൽ മരുന്ന് ക്ഷാമത്തിനും സർജറികൾ മുടങ്ങാനും ഇടയാക്കിയിരുന്നു. മാത്രമല്ല, ആശുപത്രി വികസന സമിതി നടത്തുന്ന ന്യായവില മെഡിക്കൽ ഷോപ്പ് അടച്ചിടുന്നതുവരെ കാര്യങ്ങൾ എത്തി. കോൺഗ്രസിൻ്റെയും മറ്റ് രാഷ്ട്രീയ പാർട്ടികളുടേയും നേതൃത്വത്തിൽ പ്രതിഷേധവും ശക്തമായി.
ഇതോടെ ഗത്യന്തരമില്ലാതെ 2023 ഡിസംബർ 31 വരെയുള്ള കുടിശ്ശിക നൽകാമെന്ന ഉറപ്പിൽ വിതരണം പുനഃസ്ഥാപിക്കുകയുമായിരുന്നു. മൂന്നുമാസത്തിനകം കുടിശ്ശിക നൽകുമെന്നാണ് വിതരണക്കാരും ആശുപത്രി വികസന സമിതിയും തമ്മിലുള്ള കരാർ. എന്നാൽ ഇതും ലംഘി ക്കപ്പെട്ടതോടെയാണ് വീണ്ടും മരുന്ന് വിതരണം നിലച്ചത്. കുടിശ്ശിക വർധിച്ചതോടെ വിതരണക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും കമ്പനികൾക്ക് മരുന്നിന് പണം നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോ. പറയുന്നു. മരുന്ന് വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."