എന്‍.എം വിജയന്റെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്റെയും എന്‍.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി
കൊച്ചി: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടേയും എന്‍.ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞ് കോടതി. ഈ മാസം 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശം. ഇരുവരുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. 15 ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.
കഴിഞ്ഞ ദിവസമാണ് സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുല്‍ ശരീഫിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബാലകൃഷ്ണനും അപ്പച്ചനും പുറമെ മുന്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.കെ ഗോപിനാഥന്‍, മരിച്ചുപോയ പി.വി ബാലചന്ദ്രന്‍ എന്നിവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കേസ് കൂടി ചേര്‍ത്തത്.
കെ.പി.സി.സി നേതൃത്വത്തിനു നല്‍കുന്നതിനായി എന്‍.എം വിജയന്‍ എഴുതിയതായി പുറത്തുവന്ന കത്തില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരുടേയും പേരുകളുണ്ട്.അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ഇവര്‍ക്കു പങ്കുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ നാലുപേരുമായിരിക്കുമെന്നും കത്തിലുണ്ട്.
സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിയമനം വാഗ്ദാനം ചെയ്ത് പലരില്‍നിന്നും വാങ്ങിയ പണം നേതാക്കള്‍ക്ക് കൈമാറിയതായി വിജയന്റെ കത്തുകളില്‍ സൂചിപ്പിച്ചിരുന്നു.
എന്‍.എം വിജയന്‍ കെ.പി.സി.സിക്ക് എഴുതിയ കത്തും മകന്‍ എഴുതിയ കത്തും സംബന്ധിച്ച് പൊലിസ് ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്. മരണപ്പെട്ട മകന്‍ ജിജേഷിന്റെ മൊബൈല്‍ ഫോണും അന്വേഷണസംഘം പരിശോധിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."