കാലിഫോര്‍ണിയന്‍ കാട്ടുതീ യുഎസ്-ദുബൈ വിമാന സര്‍വീസിനെ ബാധിക്കുമോ? പ്രസ്താവനയുമായി എമിറേറ്റ്‌സ്
ദുബൈ: ദക്ഷിണ കാലിഫോര്‍ണിയയുടെ ചില ഭാഗങ്ങളില്‍ പടര്‍ന്നു പിടിച്ച കാട്ടുതീ ദുബൈയില്‍ നിന്നും ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള എമിറേറ്റ്‌സിന്റെ വിമാനങ്ങളെ ബാധിക്കില്ലെന്ന് ദുബൈ ആസ്ഥാനമായുള്ള എമ്‌റേറ്റ്‌സ് എയര്‍ലൈന്‍ കമ്പനി വക്താവ് പറഞ്ഞു.
'കാലിഫോര്‍ണിയയില്‍ വ്യാപിച്ചിരിക്കുന്ന കാട്ടുതീ ലോസ് ഏഞ്ചല്‍സ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ (LAX) ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. എന്നിരുന്നാലും ഞങ്ങള്‍ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്,' എമിറേറ്റ്‌സ് പറഞ്ഞു
കാട്ടുതീ ഏറ്റവും രൂക്ഷമായ പസഫിക് പാലിസേഡില്‍ നിന്ന് 16 കിലോമീറ്ററിലധികം അകലെയുള്ള ലോസ് ഏഞ്ചല്‍സിലെ പ്രധാന വിമാനത്താവളമായ LAX തുറന്ന് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വിമാനത്താവളം വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു. 'യാത്രക്കാര്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് അവരുടെ എയര്‍ലൈനുമായി നേരിട്ട് പരിശോധിക്കണം,' വിമാനാത്താവളമധികൃതര്‍ പറഞ്ഞു.
ഹോളിവുഡ് ബര്‍ബാങ്ക് എയര്‍പോര്‍ട്ട് ഉള്‍പ്പെടെ ലോസ് ഏഞ്ചല്‍സിലുടനീളമുള്ള ആഭ്യന്തര വിമാനത്താവളങ്ങളും തുറന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ആരംഭിച്ച തീ അതിവേഗം പടരുന്നത് തുടരുന്നതിനാല്‍ നഗരത്തിലുടനീളമുള്ള നിരവധി സമീപസ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."