കലൂര്‍ അപകടം; നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി
കൊച്ചി: കലൂര്‍ ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെയുണ്ടായ അപകടത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്‌തെന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സിഇഒ ഷെമീര്‍ അബ്ദുല്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സംഘാടകര്‍ക്കെതിരെ ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.
പരിപാടിക്കായി സ്റ്റേജ് നിര്‍മിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണെന്ന് പൊലിസ് കണ്ടെത്തല്‍. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്.ഐ.ആറിലുണ്ട്.
സ്റ്റേജ് നിര്‍മിച്ച സംഘാടകര്‍ക്ക് ഗുരുതര വീഴ്ച് സംഭവിച്ചെന്ന് ഫയര്‍ ഫോഴ്സും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള സ്റ്റേജിലാണ് മന്ത്രിയുള്‍പ്പെടെയുള്ള അതിഥികള്‍ക്ക് ഇരിക്കാനായി സൗകര്യം ഒരുക്കിയത്. ഇതില്‍ രണ്ട് നിരകളിലായി കസേര ഇട്ടിരുന്നതിനാല്‍ രണ്ടിഞ്ച് മാത്രമായിരുന്നു നടക്കാനായി നല്‍കിയിരുന്നത്. ഇതിലൂടെ നടക്കുന്നതിനിടെയായിരുന്നു എം.എല്‍.എ കാല്‍വഴുതി താഴേയ്ക്ക് വീണത്.
അതിനിടെ നൃത്തപരിപാടിയില്‍ പങ്കെടുത്ത 12,000 നര്‍ത്തകരില്‍ നിന്നായി മൂന്നുകോടിയോളം രൂപ സംഘാടകരായ മൃദംഗ വിഷന്‍ പിരിച്ചെടുത്തതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചലച്ചിത്രതാരം ദിവ്യ ഉണ്ണി മുന്‍കൈ എടുത്ത് നടത്തിയ പരിപാടി ആയതിനാലാണ് വിശ്വാസം തോന്നി പണം ചെലവാക്കി കുട്ടികളെ പങ്കെടുപ്പിച്ചതെന്നും ചില മാതാപിതാക്കള്‍ പറഞ്ഞു. എല്ലാവര്‍ക്കും ഗിന്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു. രണ്ടായിരം മുതല്‍ ആറായിരം വരെയാണ് ഓരോരുത്തരും മുടക്കിയത്. ഇതിനിടെ, സംഘാടനത്തിലെ പിഴവ് കണ്ടതോടെ പിന്‍വാങ്ങിയവരുമുണ്ട്. നര്‍ത്തകരുമായി സംഘാടകര്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. ഡാന്‍സ് സ്‌കൂളുകള്‍ വഴിയായിരുന്നു ഇവരെ എത്തിച്ചത്. പ്രമുഖ വസ്ത്രശാലയുടെ പുടവയടക്കം നര്‍ത്തകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയടക്കം പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാര്‍ പിന്തുണയുണ്ടെന്നും പറഞ്ഞിരുന്നതായി നര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."