'സനാതന ധര്‍മത്തെ ഉടച്ചുവാര്‍ത്തയാളാണ് ഗുരു, സംസ്ഥാനം നീങ്ങുന്നത് ഗുരു തെളിച്ച പാതയില്‍: മുഖ്യമന്ത്രി
ശിവഗിരി: വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയും കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിച്ചും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി പ്രത്യേക ക്യാമ്പയിനുകള്‍ ആരംഭിച്ചും വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ജൈവികമായ ബന്ധം ദൃഢപ്പെടുത്തിയുമെല്ലാം ശ്രീനാരായണ ഗുരു തെളിച്ച പാതയിലാണ് സംസ്ഥാന സര്‍ക്കാരും നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊണ്ണൂറ്റിരണ്ടാം ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശ്രീബുദ്ധന്റെ അഷ്ടാംഗമാര്‍ഗം പോലെ എട്ടു കാര്യങ്ങള്‍ ഗുരുവും നിര്‍ദ്ദേശിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീര്‍ത്ഥാടകനും ലക്ഷ്യമായി കരുതേണ്ടതെന്ന് ഗുരു പറയുമ്പോള്‍ അത് സ്വസമുദായത്തിന്റെ അഭിവൃദ്ധി മാത്രമല്ല സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമാക്കിയത് എന്നു വ്യക്തമാണ്. അറിവു നേടാനും സാമ്പത്തികമായി സ്വാശ്രയത്വത്തിലെത്താനുമാണ് ഗുരു ഉപദേശിച്ചത്. സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് അന്നേ ഗുരു പറഞ്ഞു. ഈ പാതയില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകള്‍ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ നിത്യേന പുറത്തു വരുന്നുണ്ട്. വംശീയ വേര്‍തിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘര്‍ഷങ്ങളാലും ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകള്‍ ഒഴുകുന്നുണ്ട്. മനുഷ്യര്‍ക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളില്‍നിന്നു രക്ഷപ്പെടാന്‍ കൂട്ടപലായനം ചെയ്യേണ്ടിവരുന്നുണ്ട്. എല്ലായിടത്തും ചോര്‍ന്നുപോകുന്നതു മനുഷ്യത്വമാണ്. അത് പലസ്തീനിലായാലും അഫ്ഗാനിസ്ഥാനിലായാലും മണിപ്പൂരിലായാലും മറ്റെവിടെയായാലും ഓരോ വംശീയ സംഘര്‍ഷവും മുറിവേല്‍പ്പിക്കുന്നത് മനുഷ്യത്വത്തെയാണ്. ചോര്‍ന്നുപോകുന്ന മനുഷ്യത്വം മനുഷ്യരില്‍ ഉള്‍ചേര്‍ക്കുവാന്‍ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങള്‍ക്കുള്ള പ്രസക്തി കൂടുതല്‍ വ്യക്തമാവുക. ഗുരു ജീവിച്ചു മനുഷ്യത്വം പടര്‍ത്തിയ മണ്ണാണിവിടെയുള്ളത് എന്നതുകൊണ്ടാണ് കേരളത്തില്‍ വംശീയ വിദ്വേഷം ഇത്ര ഭീകരമായ തോതില്‍ ആളിപ്പടരാതിരിക്കുന്നത്. അതുകൊണ്ട് ഗുരു സന്ദേശങ്ങള്‍ ലോകമെമ്പാടും പടര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തണം.
സനാതന ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു ഗുരു. മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉള്‍ക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദര്‍ശനമാണ് ഗുരു ഉയര്‍ത്തിപ്പിടിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ അദ്ദേഹം ജനിച്ചുജീവിച്ച സഹസ്രാബ്ദത്തെയും കടന്ന് ലോകത്തിനാകെ വെളിച്ചം പകരുകയാണ്. അതിലുണ്ട് ശ്രീനാരായണ ഗുരുവിന്റെ മഹത്വം. ആ യുഗപ്രഭാവന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് നടത്തപ്പെടുന്ന ശിവഗിരി തീര്‍ത്ഥാടനവും അങ്ങനെ മഹത്വമാര്‍ജ്ജിക്കുന്നു. ഗുരുവിന്റെ മഹത്വമാര്‍ന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനുള്ളതാവണം ഓരോ തീര്‍ത്ഥാടകന്റെയും യാത്ര. മനുഷ്യസ്നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം. ആ സ്നേഹത്തില്‍ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ല.
'ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്നതായിരുന്നല്ലോ ഗുരുവിന്റെ സങ്കല്‍പ്പം. അരുവിപ്പുറമായാലും ചെമ്പഴന്തിയായാലും ശിവഗിരിയായാലും ഗുരുവുമായി ബന്ധപ്പെട്ട ഏതു സ്ഥാനവും സ്ഥാപനവും എല്ലാവര്‍ക്കുമായി എന്നും തുറന്നിരിക്കണം. ആ ആശയത്തിന്റെ അനുരണനങ്ങള്‍ കേരളത്തിന്റ മുക്കിലും മൂലയിലുമുണ്ടാകണം. ലോകമാകെ ശ്രദ്ധിക്കുന്ന മാതൃകാസ്ഥാനമായി ഈ നാടുതന്നെ മാറിത്തീരണം.
ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള പ്രവര്‍ത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവര്‍ത്തനം. ഈ മൂന്ന് പ്രവര്‍ത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു. ഇത് കാണാതെ ഗുരുവിനെ ആത്മീയതയുടെ അന്വേഷകന്‍ മാത്രമായി പരിമിതപ്പെടുത്തിക്കാണരുത്. ഏകാന്തമായ ഏതോ ഗുഹയില്‍ പോയിരുന്ന് ജീവിതാന്ത്യംവരെ പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് ഈ സമൂഹത്തെ മാറ്റിമറിക്കാന്‍ സന്ദേശങ്ങള്‍കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ഇടപെടുകയായിരുന്നു ഗുരു. പ്രാര്‍ത്ഥനയല്ല, പ്രവൃത്തിയേ സാമൂഹ്യമാറ്റം വരുത്തൂ എന്ന് പഠിപ്പിക്കുകയായിരുന്നു. മാനവികതയുടെ മഹാസന്ദേശമാണ് ഗുരു നല്‍കിയത്. അല്ലാതെ ജാതീയതയുടെ സങ്കുചിത സന്ദേശമല്ല.
ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാര്‍ക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം കേരളത്തെ സങ്കല്‍പ്പിച്ചത്. അത് സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. അങ്ങനെയുണ്ടായാല്‍ അതിനെ ചെറുത്തുതോല്‍പ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ വേണം ഇവിടെയെത്തുന്ന ഓരോ തീര്‍ത്ഥാടകനും മടങ്ങാന്‍. എന്നാല്‍ മാത്രമേ ശിവഗിരി തീര്‍ത്ഥാടനം അര്‍ത്ഥപൂര്‍ണ്ണമാവൂ എന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."