ആ ഓസ്‌ട്രേലിയൻ താരം ഇന്ത്യൻ ടീമിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: രവി ശാസ്ത്രി
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്ന ഓസ്‌ട്രേലിയൻ താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് രവി ശാസ്ത്രി. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെയാണ് രവി ശാസ്ത്രി തെരഞ്ഞെടുത്തത്. ഐസിസി റിവ്യൂവിൻ്റെ ഏറ്റവും പുതിയ എപ്പിസോഡിൽ ആണ് രവി ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.
'പാറ്റ് കമ്മിൻസ്, ജസ്പ്രീത് ബുംറ എന്നിവരെ ഒരു ടീമിൽ കൊണ്ടുവരൂ. അപ്പോൾ നമുക്ക് കുറച്ച് നല്ല ക്രിക്കറ്റ് ആസ്വദിക്കാം. ഈ രണ്ട് ആളുകളും വന്നാൽ നല്ല രസകരമായിരിക്കും. 2014 മുതൽ ഇങ്ങോട്ടുള്ള 10 വർഷത്തിനിടയിൽ ഡ്രസ്സിംഗ് റൂമിൽ ഞാൻ അവനെ ഒരുപാട് ശ്രദ്ധിച്ചിട്ടുണ്ട്. 2023 വരെയായി ഏകദേശം മൂന്ന് ഓസ്‌ട്രേലിയൻ പരമ്പരകൾ നടന്നു. ഈ സമയങ്ങളിലെല്ലാം അവനെ ഞാൻ കണ്ടു,' രവി ശാസ്ത്രി പറഞ്ഞു.
2021 ആഷസിന് മുന്നോടിയായിട്ടാണ് കമ്മിൻസ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. ക്യാപ്റ്റനെന്ന നിലയിൽ ഓസ്‌ട്രേലിയക്കൊപ്പം പിന്നീടങ്ങോട്ട് മികച്ച പ്രകടനമാണ് കമ്മിൻസ് നടത്തിയത്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ആഷസ് നിലനിർത്താൻ കമ്മിൻസിന്റെ കീഴിൽ ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നു. 2023ൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി കമ്മിൻസിന്റെ കീഴിൽ ആയിരുന്നു ഓസ്ട്രേലിയ ചാമ്പ്യന്മാരായത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലും തകർപ്പൻ പ്രകടനമാണ് കമ്മിൻസ് നടത്തിക്കൊണ്ടിരിക്കുന്നത്. പരമ്പരയിൽ നിലവിൽ 2-1ന് മുന്നിലാണ് ഓസ്ട്രേലിയ. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയ 184 റൺസിന് ആയിരുന്നു വിജയിച്ചിരുന്നത്. ഈ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമായിരുന്നു കമ്മിൻസ് നടത്തിയത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടിയതും കമ്മിൻസ് തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."