ആചാര വെടിക്കെട്ടിന് എ.ഡി.എമ്മിൻ്റെ അനുമതി; പാറമേക്കാവ് വേല നാളെ
തൃശ്ശൂർ:പാറമേക്കാവ് വേല വെടിക്കെട്ടിന് തൃശ്ശൂർ എ.ഡി.എമ്മിൻ്റെ അനുമതി ലഭിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് പെസോ മാനദണ്ഡപ്രകാരമുള്ള രേഖകൾ സമർപ്പിച്ച പശ്ചാത്തലത്തിലാണ് പുതിയ നടപടി. കർശന നിർദേശങ്ങളോടെയാണ് അനുമതി നൽകിയത്. ജനുവരി മൂന്ന്, അഞ്ച് തീയതികളിലാണ് വേല ഉത്സവം.
നേരത്തേ വെടിക്കെട്ടിന് എ.ഡി.എം അനുമതി നിഷേധിച്ചിരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ സ്ഫോടകവസ്‌തു ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് തൃശ്ശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ പെസോയുടെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പെസോയുടെ പരീക്ഷ പാസായ, സർട്ടിഫൈഡ് ആയിട്ടുള്ള ആളുകളുണ്ടെങ്കിൽ വെടിക്കെട്ടിന് അനുമതി നൽകണമെന്നും ഹൈക്കോടതി നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പാറമേക്കാവിൻ്റെ പ്രതിനിധി ഫയർ ഡിസ്പ്ലേ ഓഫീസറായി പരീക്ഷ പാസായിരുന്നു. തുടർന്നാണ് എ.ഡി.എം അനുമതി നൽകിയത്.
സ്ഫോടകവസ്തുതു ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി 2008-ൽ പാസാക്കിയ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് കോടതിയിൽ ഹർജിക്കാർ വാദിച്ചിരുന്നത്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുനിന്ന് വെടിക്കെട്ട് നടത്തുന്നതിനായി ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് 200 മീറ്റർ ദൂരം വേണമെന്നതടക്കമുള്ള ഭേദഗതിയിലെ നിർദേശം 2008-ലെ ചട്ടങ്ങളിലെ നിർദേശത്തിൽ നിന്ന് വിരുദ്ധമാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വെടിക്കെട്ടിന് എ.ഡി.എം. അനുമതി നിഷേധിച്ചത്. വെടിക്കെട്ടിന് അനുമതി നിഷേധിച്ച എ.ഡി.എമ്മിന്റെറെ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. വേലയുടെ ഭാഗമായി വെടിക്കെട്ട് നടത്താൻ അനുമതി നൽകാൻ ജില്ലാ കളക്‌ടർക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."