വിരമിച്ചാലും പോരാട്ടവീര്യത്തിന് ഒരു കുറവുമില്ല; ഓസ്‌ട്രേലിയയിൽ കളംനിറഞ്ഞാടി വാർണർ
സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ വെടിക്കെട്ട് ഇന്നിഗ്‌സിയുമായി സൂപ്പർതാരം ഡേവിഡ് വാർണർ. സിഡ്‌നി തണ്ടേഴ്സിന് വേണ്ടിയാണ് താരം മികച്ച പ്രകടനം നടത്തിയത്. മെൽബൺ റെനഗേഡ്സിനെതിരെ 57 പന്തിൽ പുറത്താവാതെ 86 റൺസാണ് വാർണർ അടിച്ചെടുത്തത്. 10 ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്.
ഈ വർഷം നടന്ന ട്വന്റി ട്വന്റി ലോകകപ്പിന് ശേഷമാണ് വാർണർ അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിൽ വാർണറിനെ ഒരു ടീമുവും വാങ്ങിയിരുന്നില്ല. എന്നാൽ ഇപ്പോൾ തനിക്ക് ഇനിയും ക്രിക്കറ്റിൽ പലതും ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചിരിക്കുകയാണ് വാർണർ.
മത്സരത്തിൽ എട്ട് റൺസിനായിരുന്നു സിഡ്‌നി വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മെൽബണിനു 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടാനേ സാധിച്ചുള്ളൂ. സിഡ്‌നിയുടെ ബൗളിങ്ങിൽ വെസ് അഗർ നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. ഡാനിയൽ സാംസ് രണ്ട് വിക്കറ്റും ടോം ആൻഡ്രൂസ്, ക്രിസ് ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും നേടി വിജയത്തിൽ നിർണായകമായ പങ്കുവഹിച്ചു.
മെൽബണിന്റെ ബാറ്റിങ്ങിൽ 20 പന്തിൽ 40 റൺസ് നേടിയ ലോറി ഇവാൻസ് മാത്രമാണ് പിടിച്ചു നിന്നത്. നാല് സിക്സുകളാണ് താരം നേടിയത്. ജേക്ക് ഫ്രേസർ മക്ഗുർക്ക് 27 പന്തിൽ 26 റൺസും ടോം റോജേഴ്‌സ് 17 പന്തിൽ പുറത്താവാതെ 23 റൺസും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."