'സാബുവിന് മാനസികപ്രശ്‌നമുണ്ടോ എന്ന് പരിശോധിക്കണം, വഴിയേ പോയ വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവെക്കേണ്ട'; വിവാദ പ്രസ്താവനയുമായി എം.എം മണി
കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നിക്ഷേപിച്ച പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് സഹകരണ സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിവാപ്രതികരണവുമായി മുന്‍മന്ത്രി എം.എം മണി. ജീവനൊടുക്കിയ സാബു തോമസിന് വല്ല മാനസിക പ്രശ്നവും ഉണ്ടായിരുന്നോയെന്നും ചികിത്സ ചെയ്തിരുന്നോ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. അതിന്റെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും മണി പറഞ്ഞു. കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോഓപറേറ്റീവ് സൊസൈറ്റിക്ക് മുന്നിലെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന്റെ നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവെയാണ് മണിയുടെ പരാമര്‍ശം.
സാബുവിന്റെ മരണത്തില്‍ വളരെ ദുഖമുണ്ടെന്ന് എംഎം മണി പറഞ്ഞു. എന്നാല്‍, സാബുവിന്റെ മരണത്തില്‍ സൊസൈറ്റിയുടെ പ്രസിഡന്റ് സജിക്കോ ഒരു പങ്കുമില്ല. ആത്മഹത്യ ചെയ്യേണ്ട രീതിയിലുള്ള യാതൊരുപ്രകോപനവും ബാങ്ക് ഭരണസമിതിയുടെയോ വി ആര്‍ സജിയുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഞങ്ങള്‍ അതിന്റെ എല്ലാ വശവും പരിശോധിച്ചിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടി എന്തോ കുഴപ്പം കാണിച്ചു എന്ന മട്ടില്‍ യു.ഡി.എഫും കോണ്‍ഗ്രസും ബി.ജെ.പി പാര്‍ട്ടികളും ചില പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടോയെന്നും ചികിത്സിച്ചിരുന്നോയെന്നും ഡോക്ടറെ കാണിച്ചിരുന്നോയെന്നും പരിശോധിക്കേണ്ടതാണ്. എന്നാല്‍, ഞങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ നിന്നാല്‍ ഏതു മാന്യനായാലും ഒന്നും ചെയ്യാനാകില്ലെന്നും അത്തരം വിരട്ടലൊന്നും വേണ്ടെന്നും എം.എം മണി പറഞ്ഞു.
ഡിസംബര്‍ 20 നായിരുന്നു കട്ടപ്പന മുളങ്ങാശേരിയില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സാബുവിന്റെ കുറിപ്പും കണ്ടെടുത്തിരുന്നു.
സംഭവത്തില്‍ മൂന്ന് ജീവനക്കാരെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. മൂന്ന് പേര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."