'നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യും'; വധശിക്ഷ ശരിവച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തി നൂറിലേറെ കഷ്ണങ്ങളാക്കിയ കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.
''യെമനില്‍ നിമിഷപ്രിയ ശിക്ഷിക്കപ്പെട്ട കാര്യത്തെക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ട്. നിമിഷപ്രിയയുടെ കുടുംബം സാധ്യമാകുന്ന വഴികളെല്ലാം തേടുന്നതായും മനസിലാക്കുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യും'' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്നലെയാണ് നിമിഷ പ്രിയയുടേതടക്കമുള്ള കേസുകളില്‍ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലിമി അനുമതി നല്‍കിയത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ തലാലിന്റെ കുടുംബത്തിന് ദിയാധനം നല്‍കിയുള്ള ചര്‍ച്ചകളും നടന്നിരുന്നു. തലാലിന്റെ ഗോത്ര തലവന്മാരുമായാണ് ചര്‍ച്ച നടന്നത്. ഇതിനിടെയാണ് വധശിക്ഷ നടപ്പാക്കാനുള്ള പ്രസിഡന്റിന്റെ അനുമതി.
ഇതോടെ ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റു തടസങ്ങളില്ലാതായി. തലാലിന്റെ കുടുംബവുമായി നടത്തിയ ചര്‍ച്ച വഴിമുട്ടിയിരുന്നു. നിമിഷ പ്രിയയുടെ മാതാവ് പ്രേമകുമാരിയും യമനിലെത്തി തലാലിന്റെ കുടുംബത്തെ കണ്ടിരുന്നു. മകളെ സന്‍ആ സെന്‍ട്രല്‍ ജയിലില്‍ കാണാനും പ്രേമകുമാരിക്ക് യമന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
സംഭവം ഇങ്ങനെ:
2008 ല്‍ യമനിലെത്തിയ പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ സന്‍ആയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 2014 ല്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലി നേടി. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമെഹാദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 2015 ലാണ് ഇരുവരും ക്ലിനിക് തുടങ്ങാന്‍ തീരുമാനിച്ചത്. യെമന്‍ വിടാതിരിക്കാന്‍ നിമിഷപ്രിയയുടെ പാസ്‌പോര്‍ട്ടും തലാല്‍ വാങ്ങിവച്ചിരുന്നു.
യെമന്‍ നിയമപ്രകാരം ബിസിനസ് സ്ഥാപനം തുടങ്ങാന്‍ സ്വദേശികള്‍ക്കോ അവരുടെ ജീവിത പങ്കാളിക്കോ മാത്രമാണ് കഴിയുക. ഇതേതുടര്‍ന്ന് തലാലുമായി വിവാഹം നടത്തിയതായി രേഖകളുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കിടയിലെ തര്‍ക്കത്തില്‍ തലാല്‍ കൊല്ലപ്പെട്ടതും തലാലിന്റെ കഷ്ണങ്ങളായ നിലയിലുള്ള മൃതദേഹം വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയതും.
ഒളിവില്‍ പോയ നിമിഷപ്രിയയെ 2016 ല്‍ ഹളര്‍മൗത്തില്‍ വച്ചാണ് പിന്നീട് പൊലിസ് പിടികൂടിയത്. 2018 ലാണ് നിമിഷപ്രിയക്ക് യെമന്‍ കോടതി വധശിക്ഷ വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."