ഉരുൾ ദുരന്തം: അതിതീവ്ര പ്രഖ്യാപനം ; വയനാടിന് ആശ്വാസമാകുമോ ?
കൽപ്പറ്റ: ചൂരൽമല ഉരുൾ ദുരന്തം അതിതീവ്രമായി പ്രഖ്യാപിച്ചത് ആശ്വാസമാകുമോയെന്ന കാത്തിരിപ്പിൽ വയനാട്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നതായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പുനരധിവാസം അടക്കം ആശങ്കയുടെ മുൾമുനയിൽ നിൽക്കവെ ദുരന്തമുണ്ടായി കൃത്യം അഞ്ചുമാസം പൂർത്തീകരിച്ച ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. അടിസ്ഥാന ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ കൂടുതൽ വേഗം കൈവരുമെന്ന പ്രതീക്ഷയിലാണ് ചുരത്തിന് മുകളിലെ മനുഷ്യർ.
കേന്ദ്രത്തിൽ നിന്ന് ആവശ്യമായ സാമ്പത്തികസഹായം കൂടി ലഭിക്കുന്നതോടെ സ്ഥലമേറ്റെടുക്കൽ നടപടികളും പുനരധിവാസ ടൗൺഷിപ്പുകളുമെല്ലാം യാഥാർഥ്യമാകുമെന്നും ദുരന്തബാധിതർ പ്രതീക്ഷിക്കുന്നു. വരുംദിവസങ്ങളിൽ അതിതീവ്ര ദുരന്തത്തിൽ കേന്ദ്രം അനുവദിക്കുന്ന സാമ്പത്തിക സഹായത്തിന്റെ കണക്കുകൾ കൂടി പുറത്തുവന്നാൽ ദുരന്തഭൂമിയിലെ മനുഷ്യരെ അതിജീവനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നതിന് കൂടുതൽ വ്യക്തതവരും.
പ്രധാനമന്ത്രി ദുരന്തമുണ്ടായി 12ാം ദിവസം വയനാട്ടിലെത്തിയിരുന്നു. വയനാടിനൊപ്പം കേന്ദ്രമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ അവഗണിക്കുകയായിരുന്നു. പലതവണയായി സംസ്ഥാനം കേന്ദ്രത്തിന്റെ ശ്രദ്ധക്ഷണിച്ചെങ്കിലും കൃത്യമായ റിപ്പോർട്ട് നൽകിയില്ലെന്ന കാരണംപറഞ്ഞ് പ്രഖ്യാപനം വൈകി.
വിഷയത്തിൽ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നുള്ള എം.പിമാർ ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിൽക്കണ്ട് ആവശ്യമുന്നയിച്ചിരുന്നു. ഇതിന്റെയും സംസ്ഥാന സർക്കാരിന്റെയും ഇടപെടലുകളാണ് കേന്ദ്രത്തിന്റെ കണ്ണുതുറപ്പിച്ചത്. കേരളം ആവശ്യപ്പെട്ട 2,200 കോടി അതിതീവ്ര ദുരന്ത പ്രഖ്യാപനത്തിലൂടെ ലഭിക്കുമോയെന്നാണ് ദുരന്തബാധിതർ ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."