ചുവപ്പുനാടയില്‍ ലൈബ്രേറിയന്‍ തസ്തിക ; പണമില്ലെന്ന് സര്‍ക്കാര്‍, നിയമനം കാത്ത് ഉദ്യോഗാര്‍ഥികള്‍
കൊല്ലം: തസ്തിക നിലവില്‍വന്ന് രണ്ടു പതിറ്റാണ്ടായിട്ടും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ലൈബ്രേറിയന്‍ തസ്തികയില്‍ നിയമനം നടത്താതെ സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തികമില്ലെന്ന കാരണം പറഞ്ഞാണ് നിയമനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നത്. ആയിരക്കണക്കിന് തൊഴില്‍രഹിതരായ ലൈബ്രറി സയന്‍സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട്.
കോടതി വിധി ഉള്‍പ്പെടെ സര്‍ക്കാരിനെതിരായിട്ടും നിയമനം നടത്താതെ ഉരുണ്ടുകളിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന ബാലവകാശ കമ്മിഷനും ഹയർ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രറി സജ്ജീകരിക്കണമെന്നും വിദഗ്ധ പരിശീലനം ലഭിച്ച ലൈബ്രേറിയനെ നിയമിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സാമ്പത്തികസ്ഥിതി മോശമായതിനാല്‍ പൂർണസമയം പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍ ആരംഭിക്കാനും ലൈബ്രേറിയന്‍ തസ്തികകള്‍ സൃഷ്ടിക്കാനും കഴിയില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയ മറുപടി.
മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളുമായി കോടികള്‍ ചെലവഴിച്ച് നടത്തിയ നവകേരള സദസില്‍ ഉദ്യോഗാര്‍ഥികളിലൊരാൾ ലൈബ്രേറിയന്‍ നിയമനവുമായി ബന്ധപ്പെട്ട് ചോദ്യം ഉന്നയിച്ചിരുന്നെങ്കിലും സാമ്പത്തിക പരാധീനതകള്‍ മൂലം തസ്തിക സൃഷ്ടിക്കാനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. സ്‌കൂളുകളില്‍ 1,200 ചതുരശ്ര അടിയുള്ള ലൈബ്രറി കെട്ടിടമുണ്ടെങ്കില്‍ ഒരു ലൈബ്രേറിയനെ നിയമിക്കണമെന്നാണ് വ്യവസ്ഥ. പഠനാവശ്യത്തിന് സ്‌കൂള്‍ ലൈബ്രറികള്‍ ഉപയോഗിക്കണമെന്ന് സിലബസില്‍ ഉള്‍പ്പെടെ പറയുന്നുണ്ടെങ്കിലും ലൈബ്രേറിയന്‍ നിയമനത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്.
ചില സര്‍ക്കാര്‍ സ്‌കൂളുകളില്‍ ലൈബ്രറികളുണ്ടെങ്കിലും യോഗ്യതയുള്ളവരില്ലാത്ത സ്ഥിതിയാണ്. വിദഗ്ധരായ ലൈബ്രേറിയന്‍മാരെ നിയമിക്കാതെ സ്‌കൂളിലെ അധ്യാപകര്‍ക്ക് ലൈബ്രറിയുടെ അധിക ചുമതല നല്‍കുന്നതാണ് പതിവ്. സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി രണ്ടായിരത്തിനടുത്ത് ലൈബ്രേറിയന്‍മാരെയാണ് നിയമിക്കേണ്ടത്.
പല സ്‌കൂളുകളിലും ലൈബ്രറി ഫീസുകള്‍ ഈടാക്കുന്നുണ്ടെങ്കിലും മതിയായ സേവനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നില്ല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നവോദയ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും ഹയർ സെക്കന്‍ഡറി ലൈബ്രേറിയന്‍ നിയമനം തടസമില്ലാതെ നടക്കുന്നുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലും ലൈബ്രേറിയന്മാരെ നിയമിച്ചിട്ടുണ്ട്.
പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളിലെ ഭൗതിക സാഹചര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുമ്പോള്‍ മൈതാനം ഉള്‍പ്പെടെ കണക്കെടുക്കാറുണ്ടെങ്കിലും ലൈബ്രറി സ്‌കൂളുകളില്‍ ഉണ്ടോയെന്ന കാര്യം തിരക്കാറു പോലുമില്ല. ഗ്രാമീണ വായനശാലകള്‍ക്കും പബ്ലിക് ലൈബ്രറികള്‍ക്കുമായി കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍ പൊതുവിദ്യാലയളിലെ ലൈബ്രറികളോട് വിവേചനം കാണിക്കുകയാണെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആക്ഷേപം.
സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി നിലവില്‍വന്നിട്ട് 25 വര്‍ഷമായി. പൊതുവിദ്യാലയങ്ങളില്‍ കാര്യക്ഷമമായ ലൈബ്രറികളും ലൈബ്രേറിയനും വേണമെന്ന് കേരള വിദ്യാഭ്യാസ ചട്ടം 32 അധ്യായത്തിലുണ്ട്. 2001ല്‍ നിയമസഭ പാസാക്കിയ സ്‌പെഷല്‍ റൂള്‍സിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍മാരെ നിയമിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. എന്നാല്‍, രണ്ട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറവും ലൈബ്രേറിയൻമാർ സ്‌കൂളുകള്‍ക്ക് അന്യമാണ്.
2014 ലെ പ്രൊഫ. ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ടിലും 2019ലെ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിയും സ്കൂളുകളിൽ ലൈബ്രേറിയന്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരള നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിഷേഷന്‍ ലൈബ്രേറിയന് നിയമനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2020ല്‍ ഹയർ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലൈബ്രേറിയന്‍ നിയമനം നടത്തണമെന്ന് അനുകൂല വിധിയും ഹൈക്കോടതി പ്രസ്താവിച്ചു. സര്‍ക്കാര്‍ ഇതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും 2021ൽ ജനുവരിയില്‍ സുപ്രിംകോടതി അപ്പീല്‍ തള്ളി. ഹൈക്കോടതി വിധി നടപ്പിലാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയലക്ഷ്യ ഹരജി നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."