നദിക്കപ്പുറത്തുള്ള ഭാര്യ വരുന്നത് തടയാന്‍ ബണ്ട് പൊട്ടിച്ച് നാടിനെ മുക്കി; 1993ലെ അമേരിക്കയിലെ മഹാപ്രളയത്തിന് ഇങ്ങനെയൊരു കഥയുണ്ട്
ഭാര്യ തന്റെ അടുത്തേക്ക് വരുന്നത് തടയാന്‍ നദിയിലെ ബണ്ട് പൊട്ടിച്ച് നാടിനെ മുഴുവന്‍ വെള്ളത്തില്‍ മുക്കിയ കൊടും ക്രൂരതയുടെ കഥകൂടിയുണ്ട് 1993ലെ അമേരിക്കയിലെ മഹാപ്രളയത്തിന് പറയാന്‍. ജെയിംസ് റോബര്‍ട്ട് സ്‌കോട്ട് ആയിരുന്നു ആ കൊടും ക്രിമിനല്‍. 1993ല്‍ അമേരിക്കയെ പിടിച്ചുലച്ച മഹാപ്രളയത്തിന്റെ പേരില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുകയാണിയാള്‍. അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിലെ വെസ്റ്റ് ക്വിന്‍സിക്ക് സമീപത്ത് മിസിസിപ്പി നദിയില്‍ വന്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നതിന് കാരണക്കാരാനായി എന്നതാണ് ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റം.
1993 ല്‍ മിസിസിപ്പി, മിസോറി നദികളിലും പോഷക നദികളിലുമുണ്ടായ വെള്ളപ്പൊക്കം മധ്യപടിഞ്ഞാറന്‍ അമേരിക്കക്ക് വന്‍ ദുരന്തമാണ് വരുത്തിവച്ചത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ടുനിന്ന പ്രളയത്തില്‍ അമ്പതിലേറെ പേര്‍ മരിക്കുകയും ആയിക്കണക്കിന് കെട്ടിടങ്ങളും പതിനായിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമിയും നശിക്കുകയും ചെയ്തു. അന്ന് ഏകദേശം 12 മുതല്‍ 16 ബില്യണ്‍ യുഎസ് ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കപ്പെട്ടത്. (ഇപ്പോഴത്തെ കണക്കുപ്രകാരം ഇത് ഏകദേശം 25- 32 ബില്യണ്‍ ഡോളര്‍ വരും).
താന്‍ ബണ്ട് പൊട്ടിച്ചതാണ് 320 കിലോമീറ്ററിലേറെ ഭാഗത്തെ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ സമ്മതിച്ചിട്ടില്ലെങ്കിലും സാഹചര്യ തെളിവുകളും സുഹൃത്തുക്കളും സമീപ വാസികളും നല്‍കിയ മൊഴികളുമാണ് ഇയാള്‍ക്കെതിരേ ശിക്ഷ വിധിക്കാന്‍ കാരണമായത്. മറ്റൊരു പാര്‍ട്ടിക്കിടെ സുഹൃത്തുക്കളോടും നാട്ടുകാരോടും നടത്തിയ വീമ്പുപറച്ചിലാണ് ഇയാളെ കുടുക്കുന്നതിനിടയാക്കിയത്.
മിസോറി നദിയുടെ മറുകരയില്‍ ജോലി ചെയ്യുന്ന ഭാര്യയും ഇയാളും തമ്മില്‍ ചെറിയ അസ്വാരസ്യമുണ്ടായിരുന്നു. സംഭവദിവസം ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്ന സ്‌കോട്ട്, ആ നേരം ഭാര്യ നദി കടന്നുവരാതിരിക്കാന്‍ നദിക്ക് കുറുകെ കെട്ടിയ ലെവിയുടെ മണല്‍ച്ചാക്കുകളില്‍ കുറച്ചെണ്ണം എടുത്തുകളയുകയായിരുന്നു. പക്ഷേ, അതിന്റെ പരിണിതി സ്‌കോട്ട് കരുതിയതിലും അപ്പുറമായിപ്പോയി. കുതിച്ചെത്തിയ വെള്ളം ഏതാണ്ട് 200 മൈല്‍ പ്രദേശത്തെ മൂടിക്കളഞ്ഞു. പ്രദേശത്തെ പാലങ്ങള്‍ ഒലിച്ചുപോയി. 14,000 ഏക്കര്‍ (57 കി.മീ.) കൃഷിഭൂമിയില്‍ വെള്ളം കയറുകയും നിരവധി കെട്ടിടങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. 71 ദിവസമാണ് പ്രദേശത്ത് വെള്ളം കെട്ടിക്കിടന്നത്.
1969 നവംബര്‍ 20 ന് ജനിച്ച ജെയിംസ് ഇല്ലിനോയിലെ ക്വിന്‍സിയിലാണ് വളര്‍ന്നത്. 'മനപ്പൂര്‍വം ഒരു ദുരന്തം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1994 ലാണ് ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മൂന്ന് ദിവസത്തെ വിചാരണയ്ക്ക് ശേഷം, ജൂറി നാല് മണിക്കൂര്‍ ചര്‍ച്ച ചെയ്താണ് ശിക്ഷവിധിച്ചത്. എന്നാല്‍, കുറ്റം സമ്മതിക്കാതിരുന്ന പ്രതി, അപ്പീലില്‍ പോയതിന് പിന്നാലെ 1997ഫെബ്രുവരി 25ന് മിസോറി അപ്പീല്‍ കോടതി ശിക്ഷാവിധി റദ്ദാക്കി. സ്‌കോട്ട് മനഃപൂര്‍വം പുലിമുട്ട് തകര്‍ത്തെന്ന് പറയുന്ന സാക്ഷികളെ വിസ്തരിക്കുന്നതില്‍ പരാജയപ്പെട്ടതാണ് വിധി റദ്ദാക്കാന്‍ കാരണം. ഇതിനെതിരേ നല്‍കിയ അപ്പീലില്‍ 1998ല്‍ കേസില്‍ വീണ്ടും കോടതി വിചാരണ ആരംഭിച്ചു. ഏപ്രില്‍ 30ന് മൂന്ന് മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷം ശിക്ഷ പുനസ്ഥാപിക്കുകയും ജൂലൈ 6ന് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയതു. വിധി പ്രകാരം സ്‌കോട്ടിന് 2026ലേ പരോളിന് അര്‍ഹതയുള്ളൂ.
ചെറുപ്പം മുതലേ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരേ നിരവധി കേസുകളാണ് നിലവിലുള്ളത്. ഇരുപത് വയസ്സിനിടെ തന്നെ ആറ് ജയിലുകളില്‍ ഇയാള്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ചെറിയ കാലയവളവുകളിലേക്കാണെങ്കിലും ഇവയില്‍ ഭൂരിഭാഗവും മോഷണത്തിനായിരുന്നു. രണ്ടെണ്ണം തീയിട്ടതുമായി ബന്ധപ്പെട്ട കേസുകളാണ്. 1982ല്‍ തന്റെ പ്രാഥമിക വിദ്യാലയമായ ക്വിന്‍സിയിലെ വെബ്സ്റ്റര്‍ എലിമെന്ററി സ്‌കൂളിന് തീവച്ചതും 1988ല്‍ ഒരു ഗാരേജുള്‍പ്പെടെ കത്തിച്ചതുമാണ് ഈ കേസുകള്‍. 1988ലെ തീവയ്പ്പിന് ഏഴ് വര്‍ഷം ശിക്ഷിക്കപ്പെട്ട സ്‌കോട്ട് 1993ല്‍ പരോള്‍ ലഭിച്ചതോടെയാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് ക്വിന്‍സിയിലെ ഒരു ബര്‍ഗര്‍ ഷോപ്പില്‍ ജോലിക്ക് കയറി. രാത്രികളില്‍ അമിതമായി മദ്യപിക്കല്‍ ഇദ്ദേഹത്തിന്റെ ശീലമായിരുന്നു.
1993ല്‍ മിസിസിപ്പി നദിയില്‍ വെള്ളപ്പൊക്കമുണ്ടായ ആദ്യ ഘട്ടത്തില്‍ വെസ്റ്റ് ക്വിന്‍സിലെ ലെവി ശക്തിപ്പെടുത്താന്‍ ക്വിന്‍സിയിലെയും ഹാനിബാളിലെയും താമസക്കാര്‍ക്കൊപ്പം സ്‌കോട്ടും ദീര്‍ഘ നേരം പണിയെടുത്തിരുന്നു. ജൂലൈ 16ഓടെ, നദിയിലെ വെള്ളപ്പൊക്കം കുറയുകയും കാര്യങ്ങള്‍ സാധാരണ നിലയിലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി ലെവി തകരുന്നത്. സമീപത്തെ ഭൂവുടമയും രണ്ട് ഗതാഗത വകുപ്പ് ജീവനക്കാരുമാണ് സംഭവത്തില്‍ സ്‌കോട്ടിന്റെ പങ്ക് ആദ്യം സൂചിപ്പിക്കുന്നത്. പിന്നീട് ഇത് സംബന്ധിച്ച് പഠനം നടത്തിയ മിസോറി, മിസോറിറോള സര്‍വകലാശാലകളിലെ വിദഗ്ധര്‍ ലെവി തകര്‍ന്നതിന് പിന്നില്‍ മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതായി കണ്ടെത്തുകയും ചെയ്തു. ഇതിനിടെയാണ്, ഭാര്യ വരാതിരിക്കാന്‍ താനാണ് ലെവി തകര്‍ത്തതെന്ന് ഒരു പാര്‍ട്ടിക്കിടെ ലക്കുകെട്ട് സ്‌കോട്ട് പറഞ്ഞ കാര്യം, സ്‌കോട്ടിന്റെ പഴയ സുഹൃത്തായ ജോ ഫ്‌ലാച്ചി അധികൃതരെ അറിയിക്കുന്നത്. സ്‌കോട്ട് ഇതു പറയുന്നത് കേട്ട മറ്റുള്ളവരും ഇയാള്‍ക്കെതിരേ രംഗത്തെത്തിയതോടെ സ്‌കോട്ട് ശരിക്കും കുടുങ്ങി. കേസന്വേഷിച്ച ക്വിന്‍സി പൊലിസ് ഇയാളെ 1994 നവംബറില്‍ വിചാരണയ്ക്കായി മിസോറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരായ ശിക്ഷാ വിധികളുണ്ടാവുന്നത്.
കേസ് കെട്ടിച്ചമച്ചതാണെന്നും താന്‍ കുറ്റം ചെയ്തിട്ടില്ലെന്നുമുള്ള വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സ്‌കോട്ട്. ജെയിംസ് സ്‌കോട്ടിനെതിരേ സാക്ഷി പറഞ്ഞവരില്‍ പ്രധാനപ്പെട്ടയാളായ നോര്‍മന്‍ ഹെയറിന് കേസിലുണ്ടായിരുന്ന സാമ്പത്തിക താല്‍പ്പര്യം ചൂണ്ടിക്കാട്ടി ചിലര്‍ സ്‌കോട്ടിനെ പിന്തുണയ്ക്കുന്നുമുണ്ട്. ഫാബിയസ് റിവര്‍ ഡ്രെയിനേജ് ഡിസ്ട്രിക്ട് പ്രസിഡന്റും വെള്ളപ്പൊക്കം നേരിട്ട് ബാധിച്ച നദിയുടെ മിസോറി ഭാഗത്തുള്ള ഭൂമിയുടെ ഏറ്റവും വലിയ ഉടമയുമായിരുന്ന ഹെയറിന്, തന്റെ ഭൂമിക്ക് വെള്ളപ്പൊക്ക ദുരന്ത ഇന്‍ഷുറന്‍സ് ഇല്ലാതെ തന്നെ വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കാന്‍ കേസ് കാരണമായെന്നാണ് ഇവരുടെ പക്ഷം. വെള്ളപ്പൊക്കം പ്രകൃതിദുരന്തമല്ലെന്നും നശീകരണ പ്രവര്‍ത്തനങ്ങളാല്‍ സംഭവിച്ചതാണെന്നും നിര്‍ണയിക്കപ്പെട്ടതാണ് ഇയാള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ കാരണമായത്. വിചാരണയ്ക്കിടെ സ്‌കോട്ടിന്റെ ഈ സാമ്പത്തിക താല്‍പ്പര്യം ഹെയര്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നതും ഇവര്‍ എടുത്തുപറയുന്നു.
1993 great flood in America has a story of great cruelty
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."