'ചോറ് ഇവിടെയും കൂറ് അവിടെയും, യോജിക്കാനാവില്ല; തൃശൂര്‍ മേയര്‍ക്കെതിരെ സുനില്‍കുമാര്‍, മറുപടി നല്‍കി എം.കെ വര്‍ഗീസ്
തിരുവനന്തപുരം: തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് സി.പി.ഐ നേതാവ് വി.എസ്. സുനില്‍കുമാര്‍. മേയര്‍ക്ക് ചോറ് ഇവിടെയും കൂറ് അവിടെയുമാണെന്ന് സുനില്‍കുമാര്‍ പറഞ്ഞു. മേയര്‍ ബി.ജെ.പി അധ്യക്ഷന്റെ കൈയില്‍നിന്നു കേക്ക് മേടിച്ചത് നിഷ്‌കളങ്കമായ കാര്യമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വേണ്ടി നേരിട്ടും പരോക്ഷമായും പ്രവര്‍ത്തിച്ച ഇടതുമുന്നണി മേയറാണ് എം.കെ വര്‍ഗീസെന്നും കേക്ക് മുറിച്ചതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ദിനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിനെ സന്ദര്‍ശിച്ചു കേക്ക് കൈമാറിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മേയര്‍ക്കെതിരെ വി.എസ് സുനില്‍കുമാര്‍ രംഗത്തെത്തിയത്.
സി.പി.ഐ അഭിപ്രായഭിന്നത അറിയിച്ചിട്ടുണ്ട്. മേയര്‍ ആയിരിക്കുമ്പോള്‍ ഇടതുരാഷ്ട്രീയത്തോട് അദ്ദേഹത്തിനു പ്രതിബദ്ധത ഉണ്ടാകേണ്ടതാണ്. ബി.ജെ.പി പ്രസിഡന്റിന് ആര്‍ക്കും കേക്ക് കൊടുക്കാം. പക്ഷേ കേരളത്തില്‍ ഒരുപാട് മേയര്‍മാര്‍ ഉണ്ടായിട്ടും തൃശൂര്‍ മേയര്‍ക്കു മാത്രം കേക്ക് കൊണ്ടുപോയി കൊടുക്കുന്നത് വഴിതെറ്റി വന്നു കേക്ക് കൊടുത്തതാണെന്നു പറയാന്‍ കഴിയില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
എന്ത് ചെയ്താലും സ്ഥാനം നഷ്ടപെടില്ലെന്ന് അദ്ദേഹത്തിന് അറിയാമെന്നും എന്ത് ചെയ്താലും സഹിക്കേണ്ട നിലപാടിലേക്ക് വന്നാല്‍ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. മേയറെ മാറ്റാന്‍ എല്‍ഡിഎഫ് നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന പരോക്ഷ വിമര്‍ശനമാണ് സുനില്‍കുമാര്‍ നടത്തിയത്.
അതേസമയം, കെ.സുരേന്ദ്രനെ സ്വീകരിച്ചത് സാമാന്യ മര്യാദയുടെ ഭാഗമാണെന്നും കേക്കുമായി വീട്ടില്‍ വരുമ്പോള്‍ കയറരുതെന്ന് പറയാനുള്ള സംസ്‌കാരം തനിക്കില്ലെന്നും മേയര്‍ എം.കെ വര്‍ഗീസ് പറഞ്ഞു. കേക്ക് വാങ്ങി എന്നുകരുതി ഞാന്‍ ആ പ്രസ്ഥാനത്തിന്റെ കൂടെ പോയി എന്നാണോ അര്‍ഥമെന്നും അദ്ദേഹം ചോദിച്ചു.
സുനില്‍ കുമാര്‍ ജനപ്രതിനിധി ആണെങ്കില്‍ ബിജെപിക്കാര്‍ കേക്ക് കൊടുത്താല്‍ വാങ്ങില്ലേ? ഇപ്പാള്‍ സുനില്‍ കുമാര്‍ ചട്ടക്കൂടിന് പുറത്താണ്. അതിനാല്‍ എന്തും പറയാം. താന്‍ ചട്ടക്കൂടിനുള്ളിലാണ്. ഇടതുപക്ഷത്ത് നിലനില്‍ക്കുന്ന ആള്‍ ഇതുപോലുള്ള കാര്യങ്ങള്‍ പറയുന്നത് തെറ്റാണ്. സുനില്‍ കുമാറിന് തന്നോട് ഇത്ര സ്‌നേഹം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. തന്റെ വീട്ടില്‍ സുരേഷ് ഗോപി വോട്ട് ചോദിക്കാന്‍ വന്നത് തെറ്റാണോ? ചായ കൊടുത്തത് തെറ്റാണോ?. സുനില്‍ കുമാര്‍ തന്നെ കാണാന്‍ വന്നിരുന്നില്ല. ആകെ വന്നത് സുരേഷ് ഗോപി മാത്രമാണ്. തന്റെ ഓഫീസില്‍ ഒരു സ്ഥാനാര്‍ഥി വന്നാല്‍ അയാളെ സ്വീകരിക്കുന്നത് സാമാന്യമര്യാദയാണെന്നും വര്‍ഗീസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."