ടിക്കറ്റ് നിരക്ക് കുറച്ചു, കൂടുതല്‍ സീറ്റുകള്‍; നവകേരള ബസ് വീണ്ടും നിരത്തിലേക്ക്
കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുന്നു. അറ്റകുറ്റപണികള്‍ക്കുശേഷം ബസ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചു. 11 സീറ്റുകള്‍ അധികമായി ഘടിപ്പിക്കുകയും യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ബസിലെ സീറ്റുകളുടെ എണ്ണം 37 ആയി. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും.
എസ്കലേറ്ററും പിന് ഡോറും ഒഴിവാക്കി മുന്‍ഭാഗത്ത് മാത്രം ഡോര്‍ നിര്‍ത്തിയാണ് അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കിയത്. അതേസമയം, ശൗചാലയം നിലനിര്‍ത്തിയിട്ടുണ്ട്. ബംഗുളൂരു- കോഴിക്കോട് യാത്രയില്‍ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കേരളത്തില്‍ സഞ്ചരിച്ച ബസായിരുന്നു ഇത്. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ബസ് സര്‍ക്കാരിന്റെ അഭിമാന സ്തംഭം കൂടിയാണ്. അതിനാല്‍ ഈ ബസ് പൂര്‍ണമായി കട്ടപ്പുറത്താകാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ബാധ്യതയായി മാറുകയാണ്. ഒരു കോടിയിലേറെ രൂപ ചെലവഴിച്ചാണ് മന്ത്രിമാര്‍ക്കു സഞ്ചരിക്കാനായി വാഹനം വാങ്ങിയത്. എന്നാല്‍, നവകേരളയാത്രയ്ക്കുശേഷം ഏറെ വിവാദങ്ങള്‍ക്കുശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട് കട്ടപ്പുറത്താകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."