1977ന് ശേഷം വീണ്ടും അത് സംഭവിച്ചു; മെൽബണിൽ നിർഭാഗ്യവാനായി ജെയ്‌സ്വാൾ
മെൽബൺ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ചു. മത്സരം നിർത്തുമ്പോൾ ഇന്ത്യ 145 റൺസിന് അഞ്ചു വിക്കറ്റുകൾ എന്ന നിലയിലാണ്. മത്സരത്തിൽ ഇന്ത്യക്കായി അർദ്ധ സെഞ്ച്വറി നേടി യശ്വസി ജെയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്. 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. ജെയ്‌സ്വാൾ സെഞ്ച്വറിയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും റൺ ഔട്ട് ആയികൊണ്ട് താരം പുറത്താവുകയായിരുന്നു. പാറ്റ് കമ്മിൻസ് ആണ് ജെയ്‌സ്വാളിനെ റൺ ഔട്ടിലൂടെ മടക്കിയത്.
മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ഇന്ത്യൻ ഓപ്പണർ റൺ ഔട്ട് ആവുന്നത്. ഇതിനു മുമ്പ് 1977ൽ ചേതൻ ചൗഹാൻ ആയിരുന്നു ഇത്തരത്തിൽ മെൽബണിലെ മണ്ണിൽ റൺ ഔട്ട് ആയത്. ഇപ്പോൾ നീണ്ട 47 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരു ഇന്ത്യൻ ഓപ്പണർ റൺ ഔട്ട് ആവുന്നത്.
ജെയ്‌സ്വാളിന് പുറമെ വിരാട് കോഹ്‌ലി 86 പന്തിൽ 36 റൺസും കെ എൽ രാഹുൽ 42 പന്തിൽ 24 റൺസും നേടി നിർണായകമായി. ഓസീസ് ബൗളിങ്ങിൽ പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ഓസ്‌ട്രേലിയ 474 റൺസിനാണ് പുറത്തായത്. ഓസ്‌ട്രേലിയൻ ബാറ്റിങ്ങിൽ സ്റ്റീവൻ സ്മിത്ത് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 197 പന്തിൽ 140 റൺസാണ് സ്മിത്ത് നേടിയത്. 13 ഫോറുകളും മൂന്നു സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
മാർനസ് ലബുഷാനെ 72 (145), സാം കോൺസ്റ്റാസ് 60(65), ഉസ്മാൻ ഖവാജ 57(121), പാറ്റ് കമ്മിൻസ് 49 (63), അലക്സ് ക്യാരി 31(41) റൺസും നേടി. ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകളും വീഴ്ത്തി. ആകാശ് ദീപ് രണ്ട് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."