മൻമോഹൻ സിംഗുമായി നേരിട്ട് സംവദിച്ചത് ഓർത്തെടുത്ത് പ്രവാസി മലയാളി സാമൂഹ്യ പ്രവർത്തകൻ
റിയാദ്: അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രവാസി സമൂഹവും. സഊദി സന്ദർശന സമയത്ത് റിയാദിൽ മൻമോഹൻ സിംഗ് നടത്തിയ പ്രവാസികളുമായുള്ള അഭിമുഖത്തിൽ പങ്കെടുത്ത് നേരിട്ട് സംവദിച്ചത് ഓർത്തെടുക്കുയാണ് റിയാദിലെ സാമൂഹ്യ പ്രവർത്തകനും പ്ലീസ് ഇന്ത്യ ഫൗണ്ടറും ചെയർമാനുമായ ലത്തീഫ് തെച്ചി.
പ്രവാസി പ്രശ്നങ്ങൾ പഠിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും റിയാദിലെ എംബസിയിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത ലത്തീഫ് തെച്ചി, മൻമോഹൻ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയും ഹസ്തദാനം നൽകിയതും ഇന്നും മനസ്സിൽ മായാതെ കൊണ്ട് നടക്കുന്നു. ലോകം കണ്ട ഏറ്റവും കരുത്തനായ സാമ്പത്തിക ശാസ്ത്രജ്ഞനായ ഒരാളെ നേരിട്ട് കാണാനായതും സംവദിക്കാനായതും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നെന്ന് ലത്തീഫ് തെച്ചി പങ്ക് വെച്ചു.
2010 ലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ: മൻമോഹൻ സിംഗ് സഊദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയത്. 1982 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഊദി സന്ദർശനം നടത്തിയ ശേഷം, 28 വർഷം കഴിഞ്ഞാണ് പിന്നീട് 2010 ൽ മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രി സഊദിയിൽ എത്തുന്നത്. 2006 ൽ അന്നത്തെ സഊദി ഭരണാധികാരി ആയിരുന്ന അബ്ദുള്ള രാജാവിന്റെ ഇന്ത്യാ സന്ദർശനത്തിന് നാല് വർഷത്തിന് ശേഷമായിരുന്നു അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ അബ്ദുള്ള രാജാവിന്റെ ക്ഷണ പ്രകാരം സഊദിയിൽ എത്തിയത്.
അദ്ദേഹത്തിന്റെ കഴിവും ഇന്ത്യയോടുള്ള ബന്ധവും അടയാളപ്പെടുത്തി സഊദി അറേബ്യയുടെ ഉയർന്ന സിവിലിയൻ ബഹുമതിയും സഊദി അറേബ്യയിലെ പ്രശസ്തമായ കിംഗ് സഊദ് സർവകലാശാല ഓണററി ഡോക്ടറേറ്റും നൽകി ആദരിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."