വനനിയമ ഭേദഗതിയില്‍ കേരള കോണ്‍ഗ്രസിന് അതൃപ്തി; ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണും
കോട്ടയം: വന നിയമഭേദഗതിയില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എം. നാളെ വൈകിട്ട് നാലുമണിക്ക് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി അടക്കം പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുമെന്നും കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ അറിയിച്ചു.
വനനിയമ ഭേദഗതിക്കെതിരെ മുന്‍പ് കേരള കോണ്‍ഗ്രസ് എം പരസ്യമായി രംഗത്ത് വന്നിരുന്നു. ഭേദഗതി തികച്ചും കര്‍ഷക വിരുദ്ധമാണെന്നാണ് പാര്‍ട്ടി നിലപാട്. കുടിയേറ്റ കര്‍ഷകരുടെ ആശങ്ക അദ്ദേഹം മുഖ്യമന്ത്രിയുമായി പങ്കുവെക്കും.
കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടപ്പോഴും വനംവകുപ്പിനെതിരെ കേരള കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് പൊലീസിന്റെ സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യവും കേരള കോണ്‍ഗ്രസ് എം മുഖ്യമന്ത്രിയെ അറിയിക്കും.
ഒരു വിഭാഗം ഉന്നത ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ഗൂഢോദ്ദേശ്യ പദ്ധതിയാണ് വനനിയമ ഭേദഗതി കരടുവിജ്ഞാപനമായി പുറത്തുവന്നതെന്ന് നേരത്തെ ജോസ് കെ.മാണി ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."