വയനാട് ഉരുള്‍പൊട്ടല്‍: പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. വീടുകള്‍ നിര്‍മ്മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗം ചര്‍ച്ച ചെയ്തു. അതേസമയം വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധമുയര്‍ത്തി. നാലര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയത്. 3മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ അടിമുടി പിഴവാണെന്ന് ദുരന്തബാധിതര്‍ തന്നെ പറയുന്നത്.
അതേസമയം പുറത്തുവന്ന ലിസ്റ്റ് അന്തിമമല്ലെന്ന് മന്ത്രി കെ.രാജന്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ ലിസ്റ്റില്‍ പരാതി നല്‍കാന്‍ 15 ദിവസത്തെ സമയമുണ്ടെന്നും മുഴുവന്‍ പരാതിയും പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആരെയും ഒഴിവാക്കില്ലെന്നും എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് പുനരധിവാസമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."