രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി സംസ്ഥാനത്തെ കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്‌സ് ലീഗ് തുടങ്ങുന്നു. കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളേജ് ലീഗ് സംഘടിപ്പിക്കുന്നത്. കോളേജ് സ്‌പോര്‍ട്‌സ് ലീഗിന്റെ ലോഗോ പ്രകാശനം സെക്രട്ടറിയേറ്റിലെ പി ആര്‍ ചേംബറില്‍ കായിക മന്ത്രി വി. അബ്ദുറഹിമാനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവും ചേര്‍ന്ന് നിര്‍വഹിച്ചു.
സംസ്ഥാനത്തെ കോളേജുകളെ നാല് മേഖലകളായി തിരിച്ച് മൂന്ന് മുതല്‍ ആറു മാസം വരെ നീളുന്ന ലീഗാണ് നടത്തുക. ഇതിന്റെ ഭാഗമായി എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങും. സ്‌പോര്‍ട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാ തല കമ്മിറ്റികള്‍ ഉണ്ടാകും. കമ്മിറ്റിയില്‍ കായിക, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുന്‍താരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കായിക മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണ നിര്‍വഹണ സമിതി.
പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ ഹോം ആന്‍ഡ് എവേ മത്സരങ്ങളാണ് നടക്കുക. ജില്ലാതല സമിതികളാണ് കോളേജ് ലീഗിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന നാല് ടീമുകള്‍ സംസ്ഥാന ലീഗില്‍ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകള്‍ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങള്‍ നിരീക്ഷിക്കാന്‍ പ്രൊഫഷണല്‍ ലീഗില്‍ നിന്നുള്ള വിദഗ്ധരും പ്രൊഫഷണല്‍ കളിക്കാരും എത്തും.
മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാന സൗകര്യവികസനം കൂടി ലക്ഷ്യമിട്ടാണ് കോളേജ് ലീഗിന് തുടക്കമിടുന്നത്. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. സ്‌പോര്‍ട്സ് ക്ലബുകള്‍ക്ക് ഭാവിയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളേജുകളെ വഴിയൊരുക്കും. കോളേജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പൊഫഷണല്‍ ലീഗിലേക്കും വഴിയൊരുങ്ങും.
സംസ്ഥാന കായിക മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. കായിക മേഖലയില്‍ രണ്ടായിരത്തി നാന്നൂറുകോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കിക്കഴിഞ്ഞു. ക്യാംപസുകളിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുന്നതിനാണ് ഇനി ഊന്നല്‍. കോളേജ് സ്‌പോര്‍ട്‌സ് ലീഗ് ആരംഭിക്കുന്നതോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കോളേജുകളിലും കായിക അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കാനാകും. കോഴിക്കോട് സര്‍വകലാശാല പുതിയ സ്റ്റേഡിയത്തിന് സ്ഥലം അനുവദിച്ച് സിന്‍ഡിക്കേറ്റിന് കത്ത് നല്‍കി. 500 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 150 കോടി രൂപ സര്‍ക്കാര്‍ വിഹിതം നല്‍കും. ബാക്കി സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കും. ഇത്തരത്തില്‍ മേഖലയിലെ വളര്‍ച്ചയിലൂടെ കായിക സമ്പദ് വ്യവസ്ഥക്ക് രൂപംകൊടുക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
അക്കാദമിക പ്രവര്‍ത്തനങ്ങളേയും പരീക്ഷയേയും യാതൊരുവിധത്തിലും ബാധിക്കാത്ത രീതിയിലാണ് കോളേജ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുകയെന്ന് മന്ത്രി ബിന്ദു പറഞ്ഞു. സര്‍വകലാശാലകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് കായിക മേഖലയില്‍ സജീവകാനാകും. സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് എന്‍ജിനിയറിംഗ്, സ്‌പോര്‍ട്‌സ് മാനേജിംഗ് രംഗങ്ങളില്‍ മികച്ച സാധ്യതകളാണ് മുന്നിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."