എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാം; രാജ്യത്തെ ആദ്യ 24x7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് പ്രവര്‍ത്തനം ആരംഭിച്ചു
കൊല്ലം: രാജ്യത്തെ ആദ്യ 24x7 ഓണ്‍ലൈന്‍ കോടതി കൊല്ലത്ത് ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയല്‍ ചെയ്യാം എന്നതാണ് പ്രധാന നേട്ടം. തികച്ചും പേപ്പര്‍ രഹിതമായാണ് കോടതിയുടെ പ്രവര്‍ത്തനം. ഓണ്‍ലൈനായി വെബ്‌സൈറ്റില്‍ നിശ്ചിത ഫോറം സമര്‍പ്പിച്ചാണ് കേസ് ഫയല്‍ ചെയ്യുന്നത്. രേഖകള്‍ അപ് ലോഡ് ചെയ്യണം. കക്ഷിയും വക്കീലും കോടതിയില്‍ ഹാജരാകേണ്ട.
കേസിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായും ഓണ്‍ലൈനായാണ് നടക്കുക. കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രവേശിക്കാനും ആകും.കേസ് നടപടികള്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്. കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് നിലവിൽ ഈ കോടതി പരിഗണിക്കുക.
പ്രതികള്‍ക്കുള്ള സമന്‍സ് അതത് പൊലിസ് സ്റ്റേഷനുകളില്‍ ഓണ്‍ലൈന്‍ ആയി അയക്കും. ജാമ്യാപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യം എടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ് ലോഡ് ചെയ്യണം. കോടതി ഫീസ് ഇപേയ്‌മെന്റ് വഴി അടയ്ക്കാം. കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും വേണമെങ്കില്‍ നേരിട്ടും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്.
ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുള്ളത്. സാധാരണ കോടതി പോലെ തന്നെയായിരിക്കും പ്രവർത്തന സമയം. അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച കോടതിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജ് പി.എന്‍ വിനോദ് നിർവഹിച്ചു. കോടതിയുടെ ചുമതലയുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് സൂര്യ സുകുമാരന്‍ ചാര്‍ജെടുത്ത് സിറ്റിങ് ആരംഭിച്ചു.
കോടതിയിലെ ആദ്യത്തെ കേസ് അഡ്വ. ജി.വി ആശ ഫയല്‍ ചെയ്തു.നിലവിൽ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരമുള്ള, കൊല്ലത്തെ വിവിധ കോടതികളുടെ പരിധിയിൽ വരുന്ന ചെക്ക് കേസുകൾ മാത്രമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും ഭാവിയിൽ മറ്റുകേസുകളും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."