5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍
മുംബൈ: മഹാരാഷ്ട്രയിലെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് നാടകീയ സംഭവങ്ങള്‍. അഞ്ച് കോടി രൂപയുടെ കണക്കില്‍പെടാത്ത പണവുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി പിടിയില്‍ മഹാരാഷ്ട്ര മുന്‍ മന്ത്രി കൂടിയായ വിനോദ് താവ്‌ഡെ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെയാണ് പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ ഒരു ഹോട്ടലില്‍ വച്ച് പിടികൂടിയത്. ഹോട്ടലില്‍ വച്ച് പണം വിതരണം ചെയ്തതായി ആരോപിച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ഇവരെ തടഞ്ഞുവെച്ചത്.
നലസോപാരയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജന്‍ നായിക് വോട്ടര്‍മാരെ സ്വാധീനിക്കാനായി പണം വിതരണം ചെയ്യുകയായിരുന്നുവെന്ന് ബഹുജന്‍ വികാസ് അഘാഡി ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് പണവും പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങള്‍ അടങ്ങിയ കവറുകള്‍ കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു. പണം നല്‍കി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ ഉന്നതനേതാക്കള്‍ പോലും ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
അതേസമയം ബി.ജെ.പി നേതൃത്വം ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബഹുജന്‍ വികാസ് അഘാഡിയുടെ നാടകമാണിതെന്നും തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാനാണ് താവ്‌ഡെ ഹോട്ടലില്‍ എത്തിയതെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."