കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു
കൊച്ചി: കുറുവ ഭീതിയില്‍ നടപടിയെടുത്ത് മരട് നഗരസഭ. കുണ്ടന്നൂര്‍ പാലത്തിനടിയില്‍ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു. കുറുവ സംഘാംഗം സന്തോഷ് സെല്‍വത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭയെ സമീപിച്ചിരുന്നു.
അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തില്‍ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെല്‍വന്റെ ബന്ധുവാണ് മണികണ്ഠന്‍. കുറുവ സംഘത്തിന്റെ മോഷണത്തില്‍ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എപ്പോള്‍ അറിയിച്ചാലും മരട് പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ഇയാള്‍ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മണികണ്ഠന്റെ ഫോണ്‍ രേഖകള്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയില്‍ മോഷണം നടന്ന ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 14 വരെ മണികണ്ഠന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ മണികണ്ഠന്‍ തമിഴ്‌നാട്ടില്‍ ആയിരുന്നു. പുന്നപ്രയില്‍ മോഷണം നടന്ന വീട്ടിലെ യുവതിക്ക് മണികണ്ഠനെ തിരിച്ചറിയാനും കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണങ്ങള്‍ക്ക് ഇയാള്‍ ബാഹ്യ സഹായം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."