പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ബി.ജെ.പി വനിതാ എം.പി; പ്രിയങ്കയെയും ഖാര്‍ഗെയേയും ബി.ജെ.പിക്കാര്‍ തള്ളിയെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറെ ആഭ്യന്തര മന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഭരണകക്ഷി എം.പിമാരും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയതോടെ പാര്‍ലമെന്റില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കി നാഗാലാന്‍ഡില്‍ നിന്നുള്ള ബി.ജെ.പി എം.പി ഫോങ്നോന്‍ കോന്യാക്. പാര്‍ലമെന്റിന്റെ പുറത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കിടെ രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു.
സ്ത്രീയെന്ന പരിഗണന നല്‍കാതെ തന്റെ വളരെ അടുത്തുവന്നാണ് അദ്ദേഹം നിന്നതെന്നും അവര്‍ പരാതിയില്‍ ആരോപിക്കുന്നു. പാര്‍ലമെന്റിലെ മറ്റൊരംഗവും തന്നോട് ഇത്തരത്തില്‍ പെരുമാറുമെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലുകാര്‍ജുന്‍ ഖാര്‍ഗെയേയും പ്രിയങ്കാ ഗാന്ധിയേയും ബി.ജെ.പി എം.പിമാര്‍ പിടിച്ചുതള്ളിയതായി കോണ്‍ഗ്രസ് ആരോപിച്ചു. തന്നെ തള്ളിയിട്ടെന്ന് കാണിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കത്തുനല്‍കി. മകരദ്വാറിലൂടെ നടന്നുവരികയായിരുന്ന തന്നെ ബി.ജെ.പി എം.പിമാര്‍ ചേര്‍ന്ന് തള്ളിയിട്ടെന്നാണ് കത്തില്‍ പറയുന്നത്. വീണതോടെ തന്റെ ശസ്ത്രക്രിയ നടത്തിയ കാല്‍മുട്ടിന് പരുക്ക് പറ്റിയെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചു. തനിക്കെതിരായ അതിക്രമത്തില്‍ കുറ്റക്കാരായ ബിജെപി എംപിമാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ലോകസഭാ സ്പീക്കറോട് ഖാര്‍ഗെ ആവശ്യപ്പെട്ടു.
എന്നാല്‍ രാഹുല്‍ ഗാന്ധി തന്നെ തള്ളിയതായു പ്രതാപ് സാരംഗി ആരോപിച്ചു. പാര്‍ലമെന്റില്‍ അതിക്രമം നടത്താന്‍ രാഹുലിന് ആരാണ് അധികാരം നല്‍കിയതെന്നും എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ ഏത് നിയമമാണ് അനുവദിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ചോദിച്ചു.
ജാപ്പാനീസ് ആയോധനകലയായ ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആളാണ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ മറ്റ് എംപിമാരെ ആയോധന കല പഠിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റ് ഗുസ്തിക്കുള്ള വേദിയല്ല. പരിക്കേറ്റ സഹപ്രവര്‍ത്തകരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."