ആനയെഴുന്നള്ളിപ്പിലെ നിയന്ത്രണങ്ങള്‍; ഹൈക്കോടതി ഉത്തരവ് അപ്രായോഗികം; സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
ന്യൂഡല്‍ഹി: ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രിം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും കോടതി ഉത്തരവിട്ടു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവില്‍ പറയുന്നതുപോലെ ആനകള്‍ക്ക് എങ്ങനെയാണ് മൂന്ന് മീറ്റര്‍ അകലം പാലിക്കാന്‍ സാധിക്കുമെന്നും സുപ്രീം കോടതി ആരാഞ്ഞു. പകല്‍ ഒമ്പത് മണി മുതല്‍ അഞ്ച് മണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നുള്ള ഹൈക്കോടതി ഉത്തരവ് പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. ശൂന്യതയില്‍നിന്ന് ഉത്തരവിറക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
2012ലെ ചട്ടങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തയ്യാറാകണം. ചട്ടം പാലിച്ച് ദേവസ്വം ബോര്‍ഡുകള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല. ഹൈക്കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.
250 വര്‍ഷത്തോളമായി ഉത്സവമാണ് ത്യശൂര്‍ പൂരമെന്നും എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ദേവസ്വങ്ങള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ല. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര്‍ വരുന്ന പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ അനുഭവിച്ചറിയുക കൂടിയാണ് കാഴ്ചക്കാരുടെ ലക്ഷ്യം. ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."