അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശം; നീല വസ്ത്രം ധരിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, സംഘര്‍ഷം
ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറെ ആക്ഷേപിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ രാജ്യസഭയിലെ പ്രസംഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തി. അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നീല വസ്ത്രം ധരിച്ചാണ് ഇന്ത്യാ മുന്നണി എം.പിമാര്‍ പ്രതിഷേധിച്ചത്. എന്‍.ഡി.എ- ഇന്ത്യ സഖ്യ എം.പിമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം മുഴക്കിയതോടെ പാര്‍ലമെന്റ് വളപ്പില്‍ സംഘര്‍ഷ അന്തരീക്ഷമുണ്ടായി. ആഭ്യന്തരമന്ത്രി മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു.
രാജ്യസഭയില്‍ ചൊവ്വാഴ്ച ഭരണഘടനാ ചര്‍ച്ചയ്ക്കു നടന്ന മറുപടി പ്രസംഗത്തിലായിരുന്നു അമിത്ഷാ അംബേദ്കറെ ആക്ഷേപിച്ചത്. പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെ ഇപ്പോള്‍ അംബേദ്കര്‍ എന്നുരുവിടുന്നത് ചിലരുടെ ഫാഷനായിരിക്കുകയാണെന്നും ഇത്രയും തവണ ഈശ്വരനാമം ജപിച്ചിരുന്നെങ്കില്‍ ഏഴു ജന്‍മം സ്വര്‍ഗത്തില്‍പ്പോകുമായിരുന്നുവെന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.
ഇന്നലെ സഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രതിപക്ഷം അമിത്ഷായ്‌ക്കെതിരേ രംഗത്തെത്തി. മനുസ്മൃതിയുടെ ആരാധകര്‍ക്ക് അംബേദ്കറുമായി പ്രശ്‌നങ്ങളുണ്ടാകുക സ്വാഭാവികമാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിപ്പിട്ടു.
അമിത്ഷായുടെ പരാമര്‍ശം സംബന്ധിച്ച് സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇരുസഭകളിലും നോട്ടിസ് നല്‍കിയിരുന്നു. ഇത് സ്പീക്കറും ചെയര്‍മാനും തള്ളിയതോടെ ഇരുസഭകളിലും ബഹളം തുടങ്ങി. രാജ്യസഭയില്‍ അമിത്ഷായെ ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു സംസാരിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. ജയ് ഭീം വിളിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതോടെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ടുമണിവരെ നിര്‍ത്തിവച്ചു. ഇതോടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍ തുടര്‍ന്നു.
കവാടത്തിലെ ചവിട്ടുപടിയില്‍ അംബേദ്കറുടെ ചിത്രങ്ങളുമായി നിരന്നുനിന്നാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. അമിത്ഷാ മാപ്പു പറയുകയും രാജിവയ്ക്കുകയും വേണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെയാണ് അമിത്ഷായെ പ്രതിരോധിച്ച് പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിപ്പിട്ടത്. ഭരണഘടനാ ശില്‍പിയെ അപമാനിക്കുന്ന പാര്‍ട്ടിയുടെ ഇരുണ്ട ചരിത്രമാണ് ആഭ്യന്തരമന്ത്രി യഥാര്‍ഥത്തില്‍ തുറന്നുകാട്ടിയതെന്നായിരുന്നു മോദിയുടെ വാക്കുകള്‍.
രണ്ടുമണിക്ക് ഇരുസഭകളും വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ലോക്‌സഭ ഉടന്‍ തന്നെ ഇന്ന് വീണ്ടും ചേരാനായി പിരിഞ്ഞു. രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കിരണ്‍ റിജിജുവും തമ്മില്‍ വാക്‌പോരുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറക് ഒബ്രയന്‍ അമിത്ഷായ്‌ക്കെതിരേ ചട്ടം 187 പ്രകാരം നടപടി ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. ബഹളം തുടര്‍ന്നതോടെ രാജ്യസഭയും ഇന്ന് ചേരാനായി പിരിഞ്ഞു.
അമിത്ഷായെ മോദി ഉടന്‍ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പിന്നാലെ അമിത്ഷായും വാര്‍ത്താസമ്മേളനം വിളിച്ച് സ്വയം ന്യായീകരിച്ചു. കോണ്‍ഗ്രസിനെതിരേ പാര്‍ലമെന്റിനുള്ളിലും പുറത്തും നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന ഭീഷണിയും അമിത്ഷാ മുഴക്കി. കോണ്‍ഗ്രസ് സംവരണത്തിനും അംബേദ്കര്‍ക്കും എതിരാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."