ശക്തികേന്ദ്രത്തില്‍ പരാജയം രുചിച്ച് ഇല്‍തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര്‍ അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകളും പി.ഡി.പി സ്ഥാനാര്‍ഥിയുമായ ഇല്‍തിജ മുഫ്തി ബിജ്‌ബെഹറ മണ്ഡലത്തില്‍ പരാജയപ്പെട്ടു. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ബഷീര്‍ അഹമ്മദ് ഷാ വീരിയാണ് ഇവിടെ വിജയിച്ചത്. പരാജയം അംഗീകരിക്കുന്നുവെന്ന് ഇല്‍തിജ പ്രതികരിച്ചു.
1990കള്‍ മുതല്‍ മുഫ്തി കുടുംബത്തിന്റെ ഉരുക്കുകോട്ടയാണ് ബിജ്‌ബെഹറ. 1996ല്‍ മെഹ്ബൂബ മുഫ്തി ഇവിടെ നിന്ന് വിജയിച്ചിരുന്നു. മെഹ്ബൂബ മുഫ്തിയുടെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ മുഫ്തി മുഹമ്മദ് സയീദ് സ്ഥാപിച്ച പി.ഡി.പി 1999 മുതല്‍ ഇവിടെ നിന്ന് വിജയിച്ചുവരികയായിരുന്നു. ജമ്മു കശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം മത്സരിക്കാനില്ലെന്ന മെഹ്ബൂബയുടെ തീരുമാനത്തിന് പിന്നാലെയാണ് ഇല്‍തിജയെ കോട്ട നിലനിര്‍ത്താന്‍ രംഗത്തിറക്കിയത്. എന്നാല്‍, പരാജയം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.
മത്സരിച്ച രണ്ട് സീറ്റിലും മുന്നേറുകയാണ് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല.
കുല്‍ഗാം മണ്ഡലത്തില്‍ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മുന്നേറ്റം തുടരുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റെഷിയാണ് ഇവിടെ രണ്ടാമതുള്ളത്. പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ ആണ് മൂന്നാമത്.
നാഷണല്‍ കോണ്‍ഫറന്‍സ്‌കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി മത്സരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തരിഗാമിയുടെ ശക്തികേന്ദ്രമാണ് കുല്‍ഗാം. 1996 മുതല്‍ ഇവിടെ നിന്ന് വിജയിച്ചതിന്റെ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.
കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്‍നിരപ്പോരാളിയാണ് 73കാരനായ തരിഗാമി. പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ഗുപ്കാര്‍ മൂവ്‌മെന്റിന്റെ വക്താവാണ്. പ്രത്യേക അധികാരം റദ്ദാക്കിയ സമയത്ത് സൈന്യം തരിഗാമിയെ വീട്ടുതടങ്കലിലാക്കിയതും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോടതിയുടെ അനുമതിയോടെ തരിഗാമിയെ സന്ദര്‍ശിക്കാനെത്തിയതും ദേശീയ ശ്രദ്ധ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."