HOME
DETAILS

സംഘ്പരിവാര്‍ കൊലയാളിക്കൂട്ടങ്ങള്‍ ആര്‍ത്തലക്കുന്ന മോദി 3.0

  
Web Desk
July 03 2024 | 06:07 AM

Modi 3.0 where Sangh Parivar murderous gangs are raging

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് കൊലാഹലങ്ങളൊടുങ്ങി മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം എന്ന പോലെ തുടങ്ങി രാജ്യത്ത് സംഘ്പരിവാര്‍ ആക്രോശങ്ങള്‍. നിരപരാധികളായ മനുഷ്യര്‍ക്കുമേല്‍. പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കു മേല്‍ കത്തിയും കുറുവടിയുമായി താണ്ഡവ നൃത്തം ചവിട്ടുകയാണ് സംഘ്പരിവാര്‍ ഭീകരസംഘങ്ങള്‍. 

രാജ്യവ്യാപകമായി നിരവധി വര്‍ഗീയ സംഭവങ്ങളാണ് മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റിപ്പോര്‍ട്ട് ചെയ്തത്. ജാര്‍ഖണ്ഡില്‍ മൗലാനാ ഷിഹാബുദ്ദീന്‍ ഉള്‍പ്പെടെ എട്ടുപേര്‍ വര്‍ഗീയ സംഭവങ്ങളില്‍ കൊല്ലപ്പെട്ടു. കൂടാതെ ബുള്‍ഡോസര്‍ രാജ്, ബലിപെരുന്നാളിനോടനുബന്ധിച്ച് ബീഫിന്റെ പേരിലുള്ള അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

സുപ്രിംകോടതിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടായിരിക്കെയാണ് ഈ അക്രമങ്ങള്‍ അരങ്ങേറുന്നത്.  ജാര്‍ഖണ്ഡില്‍ പള്ളി ഇമാമായ മൗലാന ഷിഹാബുദ്ദീനാണ് ഏറ്റവുമൊടുവില്‍ ആള്‍ക്കൂട്ടക്കൊലയ്ക്കിരയായത്. ഷിഹാബ് ഓടിക്കുകയായിരുന്ന ബൈക്ക് ഓട്ടോയില്‍ തട്ടിയെന്നും അതിലെ യാത്രക്കാരിയായ അനിത ദേവിക്ക് പരുക്കേറ്റെന്നും ആരോപിച്ചായിരുന്നു ഇമാമിന് സംഘം ഉറഞ്ഞു തുള്ളിയത്. 

jharkhand imam.jpg

ബര്‍കദ ജില്ലയിലെ ഹസാരിബാഗിലെ മദ്‌റസയിലും പള്ളിയിലുമാണ് ഷിഹാബുദ്ദീന്‍ പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ഞായറാഴ്ച പുലര്‍ച്ചെ സ്വദേശമായ ബുനിചൗഡിയയിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. അനിത ദേവി, ഭര്‍ത്താവ് മഹേന്ദ്ര യാദവ്, ഭര്‍തൃസഹോദരന്‍ രാംദേവ് യാദവ് എന്നിവരാണ് ഓട്ടോയിലുണ്ടായിരുന്നത്. ബൈക്ക് ഓട്ടോയില്‍ തട്ടിയതോടെ അനിതക്ക് പരുക്കേറ്റെന്ന് ആരോപിച്ച് മഹേന്ദ്ര യാദവും രാംദേവ് യാദവും ഇമാമിനോട് തര്‍ക്കിക്കാനും മര്‍ദിക്കാനും തുടങ്ങി. ഇതുകണ്ട് സമീപത്തുണ്ടായിരുന്ന ജനക്കൂട്ടവും കൂടിച്ചേര്‍ന്ന് ബാറ്റും വടിയും ഉപയോഗിച്ച് ഇമാമിനെ മര്‍ദിച്ചവശനാക്കുകയായിരുന്നു. അനിത ദേവിക്ക് നിസാര പരുക്കാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മര്‍ദനം നിര്‍ത്താന്‍ അനിത ആവശ്യപ്പെട്ടെങ്കിലും ജനക്കൂട്ടം ആക്രമണം തുടരുകയായിരുന്നു. സംഭവമറിഞ്ഞ് പൊലിസെത്തിയതോടെയാണ് ആള്‍ക്കൂട്ടം ആക്രമണം നിര്‍ത്തിയത്. ശരീരമാസകലം രക്തത്തില്‍ കുളിച്ച ഷിഹാബുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, സംഭവത്തിന് വര്‍ഗീയനിറമില്ലെന്ന നിലപാടിലാണ് പൊലിസ്. വാഹനാപകടത്തിലാണ് ഇമാമിന് പരുക്കേറ്റതെന്നും പൊലിസ് വാഹനത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്നും വഴിമധ്യേ മരിച്ചെന്നുമാണ് പൊലിസ് പറയുന്നത്. 

ഛത്തിസ്ഗഡില്‍ പശുക്കടത്ത് ആരോപിച്ചാണ് യു.പിയിലെ സഹാറന്‍പൂര്‍ സ്വദേശികളായ ഗുഡ്ഡു ഖാന്‍ എന്ന മുഹമ്മദ് തഹ്‌സിന്‍ (35), ചന്ദ് മിയ (33) എന്നിവരെ  ജൂണ്‍ ഏഴിന് മര്‍ദിച്ച് കൊന്നത്. യുവാക്കളെ തീവ്ര ഹിന്ദുത്വവാദികള്‍ മര്‍ദ്ദിച്ചവശരാക്കിയ ശേഷം പുഴയിലെറിഞ്ഞ് കൊല്ലുകയായിരുന്നു. പുലര്‍ച്ചെ അറാങ്ക് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ മഹാനദി പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍വച്ച് ഇവരുടെ വാഹനം തടഞ്ഞാണ് 20 ഓളം വരുന്ന അക്രമിസംഘം മര്‍ദിച്ചത്.

അലിഗഡ് സ്വദേശിയായ മുഹമ്മദ് ഫരീദ് ഔറംഗസീബ് ജൂണ്‍ 19നാണ് കൊല്ലപ്പെട്ടത്. വസ്ത്ര വ്യാപാരിയായ മുകേഷ് മിത്തലിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് ഫരീദിനെ തല്ലിക്കൊന്നത്. ഫരീദിനെ അക്രമിസംഘം ഇരുമ്പുവടി കൊണ്ട് അടിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുകണ്ട് സ്ഥലത്തെത്തിയ പൊലിസുകാരന്‍ ഫരീദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഗുജറാത്തിലെ ചിഖോദ്രയില്‍ ക്രിക്കറ്റ് മത്സരം കാണാന്‍ പോയപ്പോഴാണ് ഇരുപത്തിമൂന്നുകാരനായ സല്‍മാന്‍ വോറ കൊല്ലപ്പെടുന്നത്. ജൂണ്‍ 22ന് ആനന്ദ് ജില്ലയിലെ ചിഖോദര ഗ്രാമത്തില്‍ രാത്രി 11.30നായിരുന്നു സംഭവം. ചര്‍ച്ച പോലും ചെയ്യപ്പെടാതെ പോയ ദാരുണ സംഭവമായിരുന്നു അത്. 

ഗുജറാത്തിലെ പോള്‍സണ്‍ കോംബൗണ്ടിലാണ് സല്‍മാന്‍ ജീവിച്ചിരുന്നത്. തുണിക്കച്ചവടം നടത്തിയിരുന്ന ഒരു സാധാരണക്കാരന്‍. ഗര്‍ഭിണിയായിരുന്നു സല്‍മാന്റെ ഭാര്യ. ക്രിക്കറ്റ് മാച്ചിന്റെ ഫൈനല്‍ കാണാനായിരുന്നു സല്‍മാന്‍ പോയത്. ഫൈനല്‍ തുടങ്ങുന്നതിനു മുമ്പ്തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും മുസ്‌ലിംകള്‍ കൂടുതലുള്ള ടീമുകളാണ് നന്നായി കളിച്ചത്. ഫൈനലില്‍ വിജയിക്കുന്നത് മുസ്‌ലിംള്‍ കൂടുതലുള്ള ടീമാണെങ്കില്‍ സംഘര്‍ഷമുണ്ടാകുമെന്ന അവസ്ഥ അവിടെ രൂപപ്പെട്ടിരുന്നു. ഫൈനലില്‍ കളിക്കുന്ന രണ്ടു ടീമുകളില്‍ ഒന്നില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. തങ്ങളുടെ സുരക്ഷയെ കുറിച്ച് കളിക്കാര്‍ തന്നെ ആശങ്കപ്പെട്ടിരുന്നതായി സംഘാടകര്‍ പറയുന്നു. 

salman vora.jpg

മുസ്‌ലിംകള്‍ കൂടുതലായുള്ള ടീം കളിക്കുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും 'ജയ്ശ്രീരാം' വിളികള്‍ ഉയര്‍ന്നു. കാഴ്ചക്കാരായി 5000ത്തോളം ആളുകളുള്ള ജനക്കൂട്ടത്തില്‍ കേവലം 500നടുത്ത് മാത്രമേ മുസ്‌ലിംകളുണ്ടായിരുന്നുള്ളു. 
ബാക്കിയുള്ള നാലായിരത്തോളം വരുന്ന ജനക്കൂട്ടം ഒരു മനുഷ്യനെ കൊല്ലുന്നത് നോക്കി നിന്നു. ചുമ്മാ നോക്കി നിന്നതല്ല. അക്രമികള്‍ക്ക് ചിയര്‍ വിളിച്ച്.  

ബൈക്ക് നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിന്നാണ് എല്ലാം ആരംഭിക്കുന്നത്. മദ്യപിച്ച ഒരാള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് തന്റെ ബൈക്കുമായി വന്ന് സല്‍മാന്റെ അടുത്ത് നിര്‍ത്തുകയും സല്‍മാനുമായി തര്‍ക്കത്തിലാവുകയും ചെയ്യുന്നു. സല്‍മാന്‍ സ്വന്തം ബൈക്ക് അവിടെനിന്ന് മാറ്റണമെന്നായിരുന്നു അയാളുടെ ആവശ്യം. എന്നാല്‍ സല്‍മാന്‍ അതിനു കൂട്ടാക്കിയില്ല. അവര്‍തമ്മില്‍ വാക്കു തര്‍ക്കമാകുന്നു. 'ഞങ്ങള്‍ എന്താണോ പറയുന്നത് അത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്' എന്നാണ് അപ്പോള്‍ അവിടെ കൂടിനിന്നവര്‍ സല്‍മാനോട് പറഞ്ഞത്. ആളുകളുടെ എണ്ണം പതുക്കെ കൂടിക്കൂടി വന്നു. മര്‍ദ്ദനം തുടങ്ങി. 

salman vora2.jpg

ആള്‍ക്കൂട്ടത്തില്‍ ഒരു സംഘം കൂട്ടമായി സല്‍മാനെ മര്‍ദിക്കുമ്പോള്‍ 'അവനെ തല്ലൂ' എന്ന് ആളുകള്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. സല്‍മാന്റെ ചലനംമറ്റപ്പോള്‍ മാത്രമാണ് ആള്‍ക്കൂട്ടം തല്ലുന്നത് നിര്‍ത്തിയത്. 

ഒരുപാട് മുറിവുകളുണ്ടായിരുന്നു സല്‍മാന്റെ ശരീരത്തില്‍. കണ്ണിന്റെ താഴെയായി കത്തികൊണ്ട് വലിയ മുറിവുണ്ടായിരുന്നു. ചെവി കടിച്ച് പറിച്ചതായും കാണാമായിരുന്നു. കത്തി വച്ച് കുത്തിയത് കിഡ്‌നിയില്‍ പോലും ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. കിഡ്‌നിയില്‍ കത്തി കയറിയതായിരുന്നു സല്‍മാന്റെ മരണത്തിനുള്ള പ്രധാനകാരണവും.

സല്‍മാനെ കൂടാതെ മറ്റുരണ്ട് മുസ്ലിം യുവാക്കളും ക്രൂരമായി അക്രമിക്കപ്പെട്ടിരുന്നു. അതില്‍ ഒരാള്‍ക്ക് ശരീരത്തില്‍ 17 തുന്നുകളും മറ്റൊരാള്‍ക്ക് 7 തുന്നുകളുമുണ്ട്. മരിച്ചതിന്റെ അടുത്ത ദിവസമാണ് സംഭവത്തില്‍ ആനന്ദ് റൂറല്‍ പൊലിസ് കേസ് എടുക്കുന്നത്. 

അസമിലെ നൗഗാവ് ജില്ലയിലെ ദിംഗ്ബാരി ചപാരി ഗ്രാമവാസികളായ സമറുദ്ദീന്‍ (35), അബ്ദുല്‍ജലീല്‍ (40) എന്നിവരെ ജൂണ്‍ 22ന് വനത്തിനുള്ളില്‍വച്ച് സംസ്ഥാന ഫോറസ്റ്റ് ഗാര്‍ഡ് വെടിവച്ചുകൊല്ലുകയായിരുന്നു. വന്യജീവി സങ്കേതത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് കൊലപാതകം. ഈ വാദം കുടുംബവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരും തള്ളിയിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇരുവരും പതിവുപോലെ റൗമാരി ബീല്‍ തണ്ണീര്‍ത്തടത്തില്‍ മറ്റ് ഗ്രാമീണര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയപ്പോഴാണ് വെടിവയ്പ്പ്. 

ഹിന്ദുമതത്തില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ച ബിന്ദു സോധി എന്ന യുവതി ജൂണ്‍ 24നാണ് കൊല്ലപ്പെട്ടത്. ബിന്ദുവും ചില കുടുംബാംഗങ്ങളും ക്രിസ്ത്യാനികളായി മറിയതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടത്. ജോലി ചെയ്യുന്നതിനിടെ തടഞ്ഞുവയ്ക്കുകയും ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് കൊല്ലുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഓടിയതിനാല്‍ അവര്‍ രക്ഷപ്പെട്ടു.


അവസാനമായി റിപ്പോര്‍ട്ട് ചെയ്തത് രാജസ്ഥാനില്‍ നാരങ്ങയുമായി പോവുകയായിരുന്ന ലോറിക്കു നേരെ ഗോരക്ഷാ ഭീകരര്‍ നടത്തിയ ആക്രമണമാണ്. രണ്ടു ചെറുപ്പക്കാരെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു 20 അംഗ സംഘം. 

അധികാരത്തിന്റെ അഹന്തയില്‍ മാത്രമല്ല ഹിന്ദത്വ ഭീകരര്‍ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നത്. എന്നാല്‍ അധികാരം അവര്‍ക്ക് മൂര്‍ച്ച നല്‍കുന്നു. ഇനി കാണിച്ചു തരാം. ആദ്യ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കും മുമ്പ് അവര്‍ പറഞ്ഞതിങ്ങനെയായിരുന്നു. പത്താണ്ടുകള്‍ കഴിഞ്ഞ് വലിയ പകിട്ടൊന്നുമില്ലാതെ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോഴും അവര്‍ പറഞ്ഞത് ഇതേ വാക്കുകളാണ്. എല്ലാത്തിലും ശക്തമായി പ്രതികരിക്കുന്ന പ്രതിപക്ഷം പക്ഷേ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളില്‍ മൗനം പാലിക്കുന്നതാണ് കാണാറ്. അവര്‍ക്കും ഭയമാണ് ഹിന്ദുത്വ ഭീകരതയെന്ന ഇരുതല മൂര്‍ച്ചയുള്ള വാളിനെ.     



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."