HOME
DETAILS

ഗള്‍ഫ് മെഡിക്കല്‍ യൂനിവേഴ്സിറ്റി പ്രവര്‍ത്തന ശേഷി ഇരട്ടിയാക്കും

  
Web Desk
July 05 2024 | 11:07 AM

Gulf Medical University will double its operational capacity

ദുബൈ: ആരോഗ്യ, പരിചരണ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ വിശാലമാക്കാനും നവീകരണം വര്‍ധിപ്പിക്കാനും മുന്‍നിര ഗവേഷണത്തിന്റെ നിര്‍ണായക പങ്ക് ഉയര്‍ത്തിക്കാട്ടാനുമായി ഗള്‍ഫ് മെഡിക്കല്‍ യൂനിവേഴ്സിറ്റി (ജി.എം.യു) ഗ്രാന്‍ഡ് ഹയാത്തില്‍ പങ്കാളികളുടെ സംഗമം ഒരുക്കി. അക്കാദമിയെ ബിസിനസ് മേഖലയുമായി ബന്ധിപ്പിക്കുന്ന സഹകരണ ഫോറമായി മാറിയ പ്രോഗ്രാമില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യവസായികള്‍, എക്സിക്യൂട്ടിവുകള്‍, പ്രൊഫഷണലുകള്‍ പങ്കെടുത്തു. 

തുംബൈ ഗ്രൂപ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍ മുഖ്യാതിഥിയായി. ദുബൈ, സഊദി അറേബ്യ, ലണ്ടന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ജി.എം.യു ആഭിമുഖ്യത്തില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളും, 'തുംബെ കോളജ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും' ആരംഭിക്കാനുള്ള പദ്ധതികള്‍ ഡോ. തുംബൈ മൊയ്തീന്‍ വിശദീകരിച്ചു. 

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ജി.എം.യു ഗള്‍ഫ് മേഖലയിലെ പ്രമുഖ സ്വകാര്യ മെഡിക്കല്‍ സര്‍വകലാശാലയെന്ന സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. ലോകമെമ്പാടുമുള്ള 102 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 39 അംഗീകൃത പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന 6 കോളജുകളും, 4 ഇന്‍സ്റ്റിറ്റ്യൂട്ടുകളും, 3 സെന്ററുകളുമുള്ള തങ്ങളുടെ ശക്തി, 7 ആശുപത്രികള്‍, 5 ക്ലിനിക്കുകള്‍, 46 ഫാര്‍മസികള്‍, 5 ലാബുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അക്കാദമിക് ഹെല്‍ത് സിസ്റ്റത്തിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. 
70ലധികം ആഗോള സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുമായി ബന്ധമുള്ള ജി.എം.യു, ആരോഗ്യ സംരക്ഷണ വിദ്യാഭ്യാസത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നു. മുന്നോട്ട് നോക്കുമ്പോള്‍ യു.ജി, പി.ജി പ്രോഗ്രാമുകള്‍ക്ക് തുടക്കമിട്ട ഹെല്‍ത് കെയറില്‍ തുംബെ കോളജ് ഓഫ് മാനേജ്മെന്റിന്റെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും സമാരംഭം ജി.എം.യു ആകാംക്ഷയോടെ പ്രതീക്ഷിക്കുന്നു. 2025, 26 ഓടെ 45 അംഗീകൃത പ്രോഗ്രാമുകളിലേക്ക് വ്യാപിപ്പിക്കുകയും മൂന്ന് വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്നുവെന്ന് ഡോ. തുംബൈ മൊയ്തീന്‍ പറഞ്ഞു. 

ഹെല്‍ത് കെയര്‍, ടെക്നോളജി, എന്‍ജിനീയറിങ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍, ഗള്‍ഫ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റികളുമായും വിദ്യാര്‍ഥികളുമായും ക്രിയാത്മക സംവാദങ്ങളില്‍ സജീവമായി പങ്കെടുത്തു. സ്‌കോളര്‍ഷിപ്പുകള്‍, പരിശീലന പരിപാടികള്‍, റെസിഡന്‍സി, കരിയര്‍ പ്ളെയ്സ്മെന്റുകള്‍, സഹകരണ ഗവേഷണ പ്രോജക്റ്റുകള്‍, വ്യവസായ സന്ദര്‍ശനങ്ങള്‍, കരിയര്‍ ഫെയര്‍ എന്നിവയുള്‍പ്പെടെ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള വിവിധ സംരംഭങ്ങള്‍ പ്രോഗ്രാമില്‍ അവതരിപ്പിച്ചു. 
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ജി.എം.യു ആരോഗ്യ വിദ്യാഭ്യാസത്തില്‍ നവീകരണത്തിലും ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സംയോജനത്തിലും നേതൃത്വം നല്‍കും. ജി.എം.യു വൈസ് ചാന്‍സലര്‍ പ്രൊഫ. മണ്ഡ വെങ്കട്ടരമണ, തുംബൈ ഗ്രൂപ് വൈസ് പ്രസിഡന്റ് അക്ബര്‍ മൊയ്തീന്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."