HOME
DETAILS

രാഹുല്‍ ഹാഥ്രസില്‍; മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും

  
Web Desk
July 05 2024 | 03:07 AM

Rahul Gandhi meets families of Hathras stampede victims in Aligarh

ന്യൂഡല്‍ഹി: പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട്  മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാന്‍ കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ ഹാഥ്രസിലെത്തി. ദുരന്തസ്ഥലം സന്ദര്‍ശിക്കുന്ന രാഹുല്‍, മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണും.  ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുല്‍ ഹാഥ്രസ് സന്ദര്‍ശിക്കുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്.

സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ജഗദ്ഗുരു സാകര്‍ വിശ്വഹരി എന്ന ഭോലെ ബാബയുടെ നേതൃത്വത്തില്‍ ഹാത്രസില്‍ നടന്ന പ്രാര്‍ഥന ചടങ്ങിനിടെയുണ്ടായ തിക്കും തിരക്കുമാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിലേക്ക് നയിച്ചത്. ഹാഥ്രസ് ജില്ലയിലെ സിക്കന്ദ്‌റ റാവു പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. സത്സംഗിനെത്തിയവരാണ് ദുരന്തത്തിനിരയായത്. ഫുല്‍റായ്ക്ക് സമീപം കാണ്‍പൂര്‍-കൊല്‍ക്കത്ത പാതക്കരികിലെ വയലില്‍ നിര്‍മിച്ച താല്‍കാലിക വേദിയിലായിരുന്നു സത്സംഗ്. ചടങ്ങ് കഴിഞ്ഞ് മടങ്ങാന്‍ കാറില്‍ കയറുകയായിരുന്ന ഭോലെ ബാബയെ ദര്‍ശിക്കാനും കാല്‍പാദത്തിനടിയിലെ മണ്ണ് ശേഖരിക്കാനുമുണ്ടായ തിരക്കാണ് ദുരന്തത്തിനിടയാക്കിയത്. 

വയലിലെ ചളിയില്‍ അടിതെറ്റിയവര്‍ക്കുമേല്‍ ഒന്നിനുപിറകെ ഒന്നായി ആളുകള്‍ വീഴുകയായിരുന്നു. ഭോലെ ബാബയുടെ സുരക്ഷ ഭടന്മാര്‍ ആളുകളെ പുറത്തുപോകാന്‍ അനുവദിക്കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ചവിട്ടേറ്റ് അവശരായവരെ ആശുപത്രിയിലെത്തിക്കാതെ സംഘാടകര്‍ മുങ്ങി. 80,000 പേര്‍ക്ക് മാത്രം അനുമതിയുണ്ടായിരുന്ന 'സത്സംഗി'ല്‍ രണ്ടര ലക്ഷത്തോളം പേര്‍ പങ്കെടുത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ എഫ്.ഐ.ആര്‍.

അപകടത്തില്‍ മരിച്ചവരില്‍ ഏഴ് കുട്ടികളും ഒരു പുരുഷനുമൊഴികെ എല്ലാവരും സ്ത്രീകളാണ്. 28 പേര്‍ക്ക് പരുക്കുണ്ട്. മരിച്ചവരില്‍ നാലു പേരൊഴികെ എല്ലാവരെയും തിരിച്ചറിഞ്ഞു. നാല് ഹരിയാന സ്വദേശികളും മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമൊഴികെ ബാക്കിയെല്ലാം ഉത്തര്‍പ്രദേശുകാരാണ്.

കൂട്ടമരണവുമായി ബന്ധപ്പെട്ട് ആറു പേരെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു. ചടങ്ങിന്റെ സംഘാടക സമിതിയില്‍ ഉണ്ടായിരുന്ന നാല് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് അറസ്റ്റിലായത്. പ്രധാന പ്രതി ചടങ്ങിന്റെ 'മുഖ്യ സേവദാര്‍' ദേവ്പ്രകാശ് മധുകര്‍ ഒളിവിലാണ്. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."