HOME
DETAILS

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവം; മധ്യസ്ഥരുമായി ഹമാസ് കൂടിക്കാഴ്ച നടത്തി, ഇസ്‌റാഈല്‍ കാബിനറ്റ് ചര്‍ച്ചചെയ്യും

  
Web Desk
July 05 2024 | 06:07 AM

Ceasefire talks resume in Doha as Israel bombs Gaza

ഗസ്സ: ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന ആക്രമണം ഒമ്പതാംമാസത്തിലേക്ക് കടക്കവെ, ഒരിടവേളയ്ക്ക് ശേഷം മേഖലയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. നേരത്തെ നടന്ന ചര്‍ച്ചകള്‍ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തിലാണ് പുതിയ നീക്കവും നടക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളുമായി ചര്‍ച്ചനടത്തിയ ഹമാസ്, വെടിനിര്‍ത്തല്‍ സംബന്ധിച്ച് സംഘടനയുടെ കാഴ്ചപ്പാടുകള്‍ മധ്യസ്ഥര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചു.
ഫലസ്തീന്‍ ജനതയ്ക്ക് നേരെ നടക്കുന്ന കൂട്ടക്കൊല എത്രയും വേഗം അവസാനിപ്പിക്കാനാവശ്യമായ ചില ആശയങ്ങള്‍ മധ്യസ്ഥര്‍ക്ക് മുമ്പില്‍വച്ചതായി ഹമാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

മധ്യസ്ഥര്‍ മുഖേന ഹമാസിന്റെ നിലപാട് അറിഞ്ഞതായി ബെഞ്ചമിന്‍ നെതന്യാഹുവും അറിയിച്ചു. ഹമാസിന്റെ പ്രതികരണം ഇസ്‌റാഈല്‍ പഠിച്ചുവരികയാണ്. ഇതുവരെ ഹമാസ് മുന്നോട്ടുവച്ചതില്‍ ഏറ്റവും നല്ല വെടിനിര്‍ത്തല്‍ ഫോര്‍മുലയാണിതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ചെയ്തു. ഇസ്‌റാഈലുമായി മധ്യസ്ഥര്‍ മുഖേനയുള്ള നയതന്ത്രചര്‍ച്ചകള്‍ക്ക് നേരത്തെ ഹമാസിന് മേല്‍ യു.എസ് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഹമാസിന്റെ നിലപാട് ഇസ്‌റാഈല്‍ യുദ്ധകാര്യമന്ത്രിസഭയും ചര്‍ച്ചചെയ്യും. ഇക്കാര്യം നെതന്യാഹു സ്ഥിരീകരിച്ചുവെന്നും മന്ത്രിസഭാംഗങ്ങളുമായി നിലവിലെ സംഭവവികാസങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു.

പരിഗണനയിലുള്ളത് 3 ഘട്ട വെടിനിര്‍ത്തല്‍

ഗസ്സയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലും ബന്ദിമോചനവുമാണ് കരട് വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ കാതല്‍. ഇതോടൊപ്പം ഒക്ടോബര്‍ ഏഴിന് ശേഷം വെസ്റ്റ് ബാങ്കില്‍നിന്ന് നിയമവിരുദ്ധമായി പിടിച്ചുകൊണ്ടുപോയതുള്‍പ്പെടെയുള്ള ഏതാനും ഫലസ്തീനികളുടെ മോചനവും ഉണ്ടാകുമെന്നാണ് അറിയുന്നത്. മൂന്ന് ഘട്ടങ്ങളിലുള്ളതാണ് വെടിനിര്‍ത്തല്‍ നടപടിയെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ ആക്രമണത്തിന് വിരാമമിടും. തുടര്‍ന്ന് ബന്ദി/തടവുകാരുടെ മോചനം. ഇതിന് ശേഷം പുനനിര്‍മാണവും കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളുടെ കൈമാറ്റവും ഉണ്ടാകും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."