HOME
DETAILS

പാനിപൂരി പ്രിയരാണോ നിങ്ങള്‍..സൂക്ഷിക്കുക; കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഉള്‍പെടെ അപകടം പതിയിരിക്കുന്നുവെന്ന്

  
Web Desk
July 03 2024 | 04:07 AM

Many Pani Puri Samples Had Cancer-Causing Chemicals: Karnataka Minister

നമ്മുടെ നാട്ടില്‍ ഏറെ ജനപ്രിയമായ ഒരു സ്ട്രീറ്റ് ഫുഡ് ആണല്ലോ പാനിപൂരി. നേരത്തെ വളരെ അപൂര്‍വ്വമായാണ് കേരളത്തില്‍ കണ്ടു വന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ് പാനി പൂരി നമ്മുടെ തെരുവീഥികളിലും. എരിവും പുളിയും മധുരവുമെല്ലാം ചേര്‍ന്ന അതിന്റെ രുചി ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. 

എന്നാല്‍ പാനിപൂരിയില്‍ കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്. കര്‍ണാടക ആരോഗ്യ വകുപ്പ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഈ മാരകമായ കണ്ടെത്തല്‍. തെരുവ് കച്ചവടക്കാര്‍, കല്യാണ മണ്ഡപങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, പാര്‍ക്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവയടക്കം വിവിധ സ്ഥലങ്ങളില്‍ നിന്ന് സാമ്പിളുകള്‍ 200ലധികം ശേഖരിച്ചാണ് പരിശോധന നടത്തിയത്.  ഇതില്‍ 22% സാംപിളുകളും ഉപയോഗയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

260ഓളം പാനിപൂരി സാംപിളുകളില്‍ 41 സാംപിളുകളില്‍ കൃത്രിമനിറങ്ങളും കാന്‍സറിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ശേഖരിച്ച പല സാംപിളുകളും പഴകിയതും ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലുമായിരുന്നു. സംസ്ഥാനത്തെ പാനിപൂരി സുരക്ഷ സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. ബ്രില്ല്യന്റ് ബ്ലൂ, സണ്‍സെറ്റ് യെല്ലോ, ടാര്‍ട്രാസൈന്‍ എന്നിവയുള്‍പെടെ മാരകമായ കെമിക്കലുകള്‍ പാനിപൂരി സാംപിളുകളില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  

പാനിപൂരി നാം കഴിക്കുന്ന ഷവര്‍മ, കബാബ്, ഗോബി മഞ്ചൂരിയന്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളില്‍ അപകടകരമായ കെമിക്കലുകളും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. കോട്ടണ്‍ മിഠായി, ഗോബി മഞ്ചൂറിയന്‍, കബാബ് എന്നിവയില്‍ കൃത്രിമ കളറിംഗ് കര്‍ണാടക നിരോധിക്കുകയും ചെയ്തിരുന്നു. 

സിന്തറ്റിക് കളറുകള്‍ അമിതമായി ചേര്‍ത്ത് ഷവര്‍മ വിറ്റ ശാലകള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. പതിനേഴ് ഷവര്‍മ സാംപിളുകളില്‍ എട്ടെണ്ണത്തിലാണ് കൃത്രിമനിറങ്ങളുടെ സാന്നിധ്യവും അമിതമായ അളവില്‍ ബാക്ടീരിയയും കണ്ടെത്തിയത്. പൊതുജനങ്ങളും ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും കഴിക്കുന്ന ഭക്ഷണത്തില്‍ അതീവ ജാഗ്രത വേണമെന്നും ശുചിത്വം പാലിക്കണമെന്നും അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."