HOME
DETAILS

കഥകളുടെ സുൽത്താനെ ലോകം കണ്ടത് റസാഖിൻ്റെ കാമറയിലൂടെ

  
July 05 2024 | 04:07 AM

The world saw the Sultan of stories through Razaqins camera

മലപ്പുറം: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾക്ക്  സാക്ഷിയായി പ്രശസ്ത ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കൽ പകർത്തിയ ചിത്രങ്ങൾ. ഇന്നു കാണുന്ന ബഷീറിൻ്റെ നിഴലും വെളിച്ചവും ചിത്രങ്ങളിൽ അധികവും റസാഖിന്റെ കാമറക്കണ്ണുകളിൽ തെളിഞ്ഞതാണ്. റസാഖ് ഫോട്ടോ എടുത്താണ് തന്റെ മുഖത്ത് ചുളിവുകൾ വീണതെന്നായിരുന്നു ബഷീർ രസകരമായി പറയാറുണ്ടായിരുന്നത്.ബഷീറിന്റെ സാഹിത്യലോകത്തെയും ജീവിതത്തെയും ഒപ്പിയെടുക്കാൻ പ്രാപ്തമായ ഫോട്ടോഗ്രഫി വശമുണ്ടായിരുന്ന റസാഖ് കോട്ടക്കൽ  ബഷീർ ചിത്രങ്ങളെ ബാക്കിയാക്കി 2014ഏപ്രിൽ ഒൻപതിനാണ് യാത്രയായത്. അത്തരം ചിത്രങ്ങൾ പലതും സൂക്ഷിച്ചുവരികയാണിപ്പോഴും റസാഖിന്റെ സഹോദരനും ഫോട്ടോഗ്രാഫറുമായ റഷീദ്. മലയാളികളുടെ ബഷീർ ഓർമകളെ സമ്പന്നമാക്കുന്നതാണ് ഇതിലെ ഓരോ ചിത്രവും.  


കൂടുതൽ ബഷീർ ഫോട്ടോകളെ ക്യാൻവാസിലേക്ക് പകർത്തിയ ഫോട്ടോഗ്രാഫറെന്ന അംഗീകാരത്തിനു റസാഖും അർഹനായിട്ടുണ്ട്. ആ ജീവിതത്തെ അടിമുടി ക്യാമറയിൽ പകർത്തിയിട്ടുണ്ട് റസാഖ്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് കൂടുതലും. ചില കളർ ഫോട്ടോകളുമുണ്ട്. കുടുംബവുമൊത്തുള്ള അനർഘ നിമിഷങ്ങൾ, ചിന്താനിമഗ്‌നനായ ബഷീർ, സാഹിത്യകാരൻ, വിമർശകൻ, ദാർശനികൻ, തുടങ്ങി വിവിധ തലങ്ങളിലുള്ള ആയിരകണക്കിനു ഫോട്ടാകളാണ് റസാഖ് പകർത്തിയത്. 


 എന്നാൽ ആ മരണവാർത്തയറിഞ്ഞപ്പോൾ കാമറ എടുക്കാതെയാണ് റസാഖ് പോയതെന്നും പിന്നീട് ആരുടെയൊക്കെയോ നിർബന്ധത്തിനുവഴങ്ങി ക്യാമറ തരപ്പെടുത്തി കഥകളുടെ സുൽത്താന്റെ ചലമനറ്റ ശരീരവും പകർത്തുകയായിരുന്നു. കളർഫുള്ളായ ആ ചിത്രം പിന്നീട് പത്രങ്ങളിലും മാസികകളിലും ഇടം പിടിച്ചു. ബഷീറിനുപുറമെ കമലാ സുരയ്യ, സുകുമാർ അഴീക്കോട്, ഒ.വി വിജയൻ, എം.ടി വാസുദേവൻ നായർ  തുടങ്ങിയവരുടെ അപൂർവനിമിഷങ്ങളും റസാഖിന്റെ കാമറയിൽ വിരിഞ്ഞിട്ടുണ്ട്. നിഴൽ ഫോട്ടോഗ്രാഫിയെ ഏറെ സ്‌നേഹിച്ച റസാഖിന്റെ ജന്മദേശം വയനാട് ജില്ലയിലെ ഓടത്തോടാണ്. അമേരിക്കയുടെ ഇറാഖ് ആക്രമണ കാലത്ത് ഇറാഖ് സന്ദർശിച്ച് കാഴ്ചകൾ പകർത്തിയിട്ടുണ്ട് അദ്ദേഹം. റസാഖ് പകർത്തിയചിത്രങ്ങളെയും റസാഖിന്റെ ഓർമകളെയും, അവരുടെ ആത്മബന്ധങ്ങളെയും സൂക്ഷിച്ചുപോരുകയാണ് സഹോദരൻ റഷീദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."