HOME
DETAILS

കലയുടെ കൊലപാതകം: മുഖ്യപ്രതി ഭര്‍ത്താവ്, പ്രണയ വിവാഹം; സംശയം കൊലപാതകത്തിലെത്തി

  
Web Desk
July 03 2024 | 03:07 AM


മാന്നാര്‍ (ആലപ്പുഴ): മാന്നാര്‍ സ്വദേശി കലയുടേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍നിന്ന് കണ്ടെത്തിയ സംഭവത്തില്‍ മുഖ്യ ഭര്‍ത്താവെന്ന് നിഗമനം. ജിനു,സോമന്‍, പ്രമോദ് എന്നിവരാണ് യഥാക്രമം രണ്ട് മൂന്ന് നാല് പ്രതികള്‍. വലിയ പെരുമ്പുഴ പാലത്തില്‍ വെച്ചായിരുന്നു കൊലപാതകമെന്നാണ് എഫ്.ഐ.ആറിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
കൊലപാതകത്തെ കുറിച്ച് ഭര്‍ത്താവ് അനില്‍ അറിയിച്ചതായി സുഹൃത്ത് മൊഴി നല്‍കിയിട്ടുണ്ട്. പെരുമ്പുഴ പാലത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കലയുടെ മൃതദേഹം കണ്ടതായാണ് സുഹൃത്ത് സുരേഷിന്റെ മൊഴി. അബദ്ധം പറ്റിയതായും കല കൊല്ലപ്പെട്ടതായും പറഞ്ഞു. കൊലപാതകത്തിന് കൂട്ടുനില്‍ക്കാനാവില്ലെന്ന് പറഞ്ഞ് താന്‍ മടങ്ങിയതായും സുരേഷ് മൊഴി നല്‍കി. 

എങ്ങനെയാണ് കൊല നടത്തിയതെന്നും എന്തിന് വേണ്ടിയായിരുന്നുവെന്നും ഭര്‍ത്താവ് അനില്‍ നാട്ടിലെത്തിയാല്‍ മാത്രമേ ഉറപ്പിച്ച് പറയാന്‍ കഴിയൂവെന്നാണ് പൊലിസ് പറയുന്നത്. മാന്നാര്‍ സ്വദേശി കലയെ 2008ലാണ് കാണാതായത്. ഇസ്രായേലിലുള്ള ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലിസ് ആരംഭിച്ചിട്ടുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ കലയുടേതെന്ന് സ്ഥിരീകരിക്കാനാകൂ. 

കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഈ വിവാഹത്തില്‍ അനിലിന്റെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് വിവരം. ഇവരുടെ വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കലയെ ബന്ധുവീട്ടിലായിരുന്നു അനില്‍ താമസിപ്പിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകനുമുണ്ട്. കലയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന അനിലിന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. വഴക്കിനെ തുടര്‍ന്ന് വിനോദയാത്ര പോകാമെന്ന വ്യാജേന കാര്‍ വാടകക്കെടുത്ത് കലയുമായി കുട്ടനാട് ഭാഗങ്ങളിലേക്ക് യാത്രപോയ അനില്‍ ബന്ധുക്കളായ ചിലരെ വിളിച്ചുവരുത്തി കാറില്‍വച്ച് തന്നെ കലയെ കൊലപ്പെടുത്തിയെന്നാണ് പൊലിസിന് ലഭിച്ച വിവരം. പിന്നീട് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിടുകയായിരുന്നു. കല മറ്റൊരാള്‍ക്കൊപ്പം പോയി എന്നാണ് ഭര്‍ത്താവും ബന്ധുക്കളും എല്ലാവരോടും പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ഇവരെ കാണാതായതില്‍ കാര്യമായ അന്വേഷണവും ഉണ്ടായില്ല.


ഊമക്കത്ത് വഴിത്തിരിവായി

മാന്നാര്‍(ആലപ്പുഴ): മാസങ്ങള്‍ക്ക് മുന്‍പ് അമ്പലപ്പുഴ പൊലിസില്‍ ഒരു ഊമക്കത്ത് ലഭിച്ചതാണ് കേസില്‍ വഴിത്തിരിവായത്. കേസിലെ പ്രതിയായ ഒരാള്‍ നേരത്തെ ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതായും 'അവളെ തീര്‍ത്ത പോലെ നിന്നെയും തീര്‍ക്കും' എന്ന് ഭീഷണിപ്പെടുത്തിയതായും പൊലിസിന് വിവരം ലഭിച്ചു.
ഇതില്‍ അമ്പലപ്പുഴ സി.ഐ പ്രതീഷ്‌കുമാര്‍ രഹസ്യാന്വേഷണം നടത്തിയതോടെയാണ് നാടിനെ ഞെട്ടിച്ച കൊലയുടെ ചുരുളഴിഞ്ഞത്.ഏതാനും മാസം മുന്‍പുണ്ടായ നാടന്‍ ബോംബേറ് കേസില്‍ കസ്റ്റഡിയിലായ പ്രതിയെ ചോദ്യം ചെയ്താല്‍ മാന്നാര്‍ സ്വദേശി കലയെ കൊലപ്പെടുത്തിയതിന്റെ വിവരങ്ങള്‍ കിട്ടും എന്നതായിരുന്നു കത്തിലുണ്ടായിരുന്നത്. 

ഊമക്കത്താണെങ്കിലും അവഗണിക്കാന്‍ അമ്പലപ്പുഴ സി.ഐ പ്രതീഷ് കുമാര്‍ തയാറായില്ല. ജില്ലാ പൊലിസ് മേധാവിയെ വിവരമറിയിച്ചപ്പോള്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി അമ്പലപ്പുഴ സി.ഐ പ്രതീഷ് കുമാര്‍ ഈ ഊമക്കത്തിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലായിരുന്നു. എസ്.ഐ സന്തോഷ്, എ.എസ്.ഐ സുധീഷ്, സി.പി.ഒമാരായ സിദ്ദീഖ്, ഹരി, വിപിന്‍ദാസ്, ടോണി, സുജിമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."