HOME
DETAILS

സി.പി.എം കേന്ദ്രകമ്മിറ്റി മാർഗരേഖ : കേരളഘടകത്തിനും സർക്കാരിനും വിമർശനം

  
July 03 2024 | 03:07 AM

CPM starts zonal meetings; critical report on state leadership presented.



കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് തെറ്റുതിരുത്തൽ മാർഗ രേഖ അവതരിപ്പിക്കാനായുള്ള സി.പി.എം മേഖലാ യോഗങ്ങൾക്ക് കണ്ണൂരിൽ തുടക്കം. ഇന്നലെ ബർണശേരി നായനാർ അക്കാദമിയിലാണ് വടക്കൻ മേഖലാ യോഗം നടന്നത്. 
പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി തെറ്റുതിരുത്തലിനായി കേന്ദ്ര കമ്മിറ്റി തയാറാക്കിയ മാർഗരേഖ പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് യോഗത്തിൽ അവതരിപ്പിച്ചു. ഈ രേഖയിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും വിമർശനം ഉന്നയിക്കുകയും ചെയ്തു.

ക്ഷേമപെൻഷൻ അടക്കമുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ വന്ന വീഴ്ചയും മറ്റ് നിരവധി ഘടകങ്ങളും പാർട്ടി വോട്ടടക്കം ചേരുന്നതിനിടയാക്കിയെന്ന് കാരാട്ട് മാർഗരേഖ അവതരിപ്പിച്ച് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സംസ്ഥാന ഘടകം കേന്ദ്രകമ്മിറ്റിക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ട് അപ്പാടെ തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് കാരാട്ട് മേഖലാ യോഗത്തിൽ അവതരിപ്പിച്ചതെന്നാണ് അറിയുന്നത്.

കേരളത്തിലെ പരാജയം സംബന്ധിച്ച ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും തെറ്റുതിരുത്തൽ മാർഗരേഖ കീഴഘടകങ്ങളിൽ സജീവ ചർച്ച ചെയ്യണമെന്നും കാരാട്ട് ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന സമ്മേളനങ്ങളിലെ സെക്രട്ടറിമാരുടെ തെരഞ്ഞെടുപ്പും ഈ മാർഗരേഖ അനുസരിച്ചായിരിക്കണമെന്നും സ്വർണക്കടത്ത്, ക്വട്ടേഷൻ, ലഹരി സംഘങ്ങളുമായി ബന്ധമുള്ളവർക്ക് മെംബർഷിപ്പ് പോലും നൽകരുതെന്നും കാരാട്ട് പറഞ്ഞു.

ഇന്നലെ നടന്ന മേഖലാ യോഗത്തിൽ ലോക്കൽ സെക്രട്ടറിമാർ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു. പ്രകാശ് കാരാട്ടിന് പുറമെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ എന്നിവരും സംസാരിച്ചു. നേതാക്കളായ ഇ.പി ജയരാജൻ, പി. ജയരാജൻ, കെ.കെ ശൈലജ, പി. കരുണാകരൻ, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, ടി.വി രാജേഷ് സംബന്ധിച്ചു. ഇന്ന് കോഴിക്കോട്, എറണാകുളം മേഖലാ യോഗങ്ങൾ നടക്കും. 

 

CPM starts zonal meetings; critical report on state leadership presented.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."