HOME
DETAILS

ഭക്ഷ്യസുരക്ഷാ വകുപ്പിൽ പരിശോധനക്ക് ഫുഡ് ഇൻസ്പെക്ടർമാരില്ല

  
രാജു ശ്രീധർ
July 03 2024 | 02:07 AM

There are no food inspectors in the Food Safety Department


പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പ്രവർത്തനം അവതാളത്തിലാകുന്നു. ഫുഡ് ഇൻസ്പെക്ടർമാർ ഇല്ലാത്തതിനാലാണ് പ്രവർത്തനങ്ങൾ കുഴഞ്ഞുമറിയുന്നത്. മണ്ഡലാടിസ്ഥാനത്തിൽ 140 പേരാണുള്ളത്. 40 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. 
ശേഷിക്കുന്നവരെ വച്ചാണ്  ഇഴഞ്ഞുള്ള പരിശോധന. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കണമെന്നാണ് നിയമം. എന്നാൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ  ഏറെ. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും പ്രത്യേകം ആരോഗ്യവിഭാഗമുണ്ടെങ്കിലും അവർ കൃത്യമായി പരിശോധന നടത്താറില്ലെന്നുമാണ് ആക്ഷേപം. 


ഭക്ഷണശാലകൾക്കെതിരേ നടപടിയെടുത്താൽ  രാഷ്ട്രീയ നേതാക്കളുടെ ശുപാർശ എത്തുന്നതോടെ നടപടി പ്രഹസനമാകാറാണെന്ന് ജീവനക്കാർ പറയുന്നു.  ഭക്ഷ്യവിഷബാധ ഉണ്ടാകുമ്പോൾ ശേഖരിക്കുന്ന സാംപിളുകളുടെ  പരിശോധനയ്ക്ക് സംവിധാനമില്ലാത്തതും വകുപ്പിനെ പിന്നോട്ടടിക്കുന്നു. 


തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് കെമിക്കൽ ലാബുകളുള്ളത്. ആയിരക്കണക്കിന് സാമ്പിളുകൾ പരിശോധനക്കായി കാത്തുകിടക്കുന്നതിനാൽ സമയത്ത് ഫലം ലഭിക്കില്ല. ഇതും തിരിച്ചടിയാകുന്നുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് മരണമുണ്ടായ കേസുകളിലും സാംപിളുകളുടെ പരിശോധനാഫലം ലഭിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുക്കും.   


കോളിളക്കമുണ്ടായ കേസുകളിലെ സാംപിളുകൾ ലാബിൽ തിരിമറി നടത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇതും വകുപ്പിനെ സംശയനിഴലിലാക്കുന്നു. രാസപരിശോധനാഫലം അടിയന്തരമായി ലഭിക്കാത്തത് തുടർ പരിശോധനകളെപ്പോലും ബാധിക്കുന്നതായും ഫുഡ് ഇൻസ്പെക്ടർമാർ പറയുന്നു. ജീവപര്യന്തം ശിക്ഷവരെ ലഭിക്കാവുന്ന കേസെടുക്കാൻ വകുപ്പുണ്ടെങ്കിലും ഒരാളെപ്പോലും ശിക്ഷിച്ച ചരിത്രമില്ല.


 ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി പരിശോധന നടത്താറുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ലെന്നാണ് വിമർശനം. അളവിൽ കൂടുതൽ കൃത്രിമനിറങ്ങൾ ചേർക്കുന്നുവെന്ന പരാതിക്ക് ഇതുവരെയും പരിഹാരമാകാത്തതും വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. ഇതിനിടെ, പഴകിയ മത്സ്യം വ്യാപകമായതിലും വകുപ്പിൻ്റെ കെടുകാര്യസ്ഥതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. 
ഇതര സംസ്ഥാനങ്ങളിൽ നിന്നു മീൻപിടിക്കാൻ പോകുന്ന കൂറ്റൻ ഫിഷിങ് ട്രോളറുകൾ തിരികെയെത്തുന്നത് ഒന്നോ രണ്ടോ ആഴ്ചയ്ക്കു ശേഷമാണ്. മീൻ 18 ഡിഗ്രി സെൽഷ്യസിൽ ഫ്രീസറിൽ സൂക്ഷിക്കണമെന്നു നിയമമുണ്ടെങ്കിലും പാലിക്കാറില്ല. കരയിലെത്തിയാലും ഫ്രീസറിലോ ശീത‍ീകരിച്ച കണ്ടെയ്നറുകളിലോ കയറ്റിവിടുന്നതിനുപകരം തെർമോകോൾ പെട്ടികളിൽ ഐസ് നിറച്ചാണു  ട്രെയിൻ മാർഗമെത്തിക്കുന്നത്. 


ഏതാനും മണിക്കൂറിനുള്ളിൽ ഐസ് ഉരുകിയൊലിക്കുന്നതോടെ മീൻ ഉപയോഗ ശുന്യമാകുമെങ്കിലും  ഇതിൽ അമോണിയം ചേർക്കുകയാണ് ചെയ്യുന്നത്. മൺസൂൺ കാലത്ത് പഴകിയ മത്സ്യങ്ങൾ പിടികൂടുന്നതിനായി  വ്യാപക  പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് സർക്കാർ പറയുമ്പോഴും മത്സ്യമാർക്കറ്റുകളിൽ വിൽക്കപ്പെടുന്നതിൽ ഭൂരിഭാഗവും പഴകിയ മത്സ്യങ്ങളാണ്.

 

There are no food inspectors in the Food Safety Department



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."