HOME
DETAILS

കാലവർഷം: ജൂണിൽ 25 ശതമാനം മഴക്കുറവ്

  
വി.കെ പ്രദീപ് 
July 03 2024 | 02:07 AM

June rainfall 25% below normal



കണ്ണൂർ: ജൂൺ മാസത്തിൽ 25 ശതമാനം മഴക്കുറവ്. ശരാശരി 648.2 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചത് 489.2 മില്ലിമീറ്റർ മഴ മാത്രം. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ മെച്ചപ്പെട്ട മഴ ലഭിച്ചു. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ ജൂണിൽ സാധാരണയിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ ലഭിച്ചില്ല. 
കഴിഞ്ഞവർഷം 60 ശതമാനം മഴക്കുറവായിരുന്നു. 1976നും 1962 നും ശേഷം കുറവ് മഴ ലഭിച്ച ജൂൺ മാസമായിരുന്നു 2023. എല്ലാ ജില്ലകളിലും ഇത്തവണയും സാധാരണയേക്കാൾ കുറവ് മഴയാണ്  ലഭിച്ചത്. കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ (757.5) ജില്ലയിലാണെങ്കിലും ഈ കാലയളവിൽ ലഭിക്കേണ്ട മഴയേക്കാൾ (879.1) 14 ശതമാനം കുറവാണ് ഇത്തവണ ലഭിച്ചത്. 


തൊട്ടുപിറകിൽ കാസർകോട് (748.3) 24ശതമാനം കുറവ്. ഏറ്റവും കുറവ് തിരുവനന്തപുരം (289.3), കൊല്ലം (336.3) ജില്ലകളിൽ. ഇത്തവണ രണ്ടുദിവസം നേരത്തെ എത്തിയ (മെയ് 30) കാലവർഷം (കഴിഞ്ഞ വർഷം എട്ട് ദിവസം വൈകിയിരുന്നു) കേരളത്തിൽ പൊതുവെ ദുർബലമായിരുന്നു. ജൂൺ ആദ്യപകുതിയിൽ കാലവർഷക്കാറ്റ് ദുർബമായതാണ്  മഴ കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. അനുകൂലമായി ഈ കാലയളവിൽ കൂടുതൽ ചക്രവാതച്ചുഴികളോ, ന്യുനമർദ്ദമോ രൂപപ്പെടാത്തതും ആഗോള മഴപ്പാത്തി പ്രതിഭാസം അനുകൂലമാകാതിരുന്നതും മഴ കുറയാനുള്ള പല കാരണങ്ങളിൽ ചിലതാണ്. 


മുൻ വർഷങ്ങളെ അപേക്ഷിച്ച്  ഇത്തവണ ജൂണിൽ 25 ശതമാനം കുറവാണെങ്കിലും 2020ന് ശേഷം ഏറ്റവും കൂടുതൽ മഴ ലഭിച്ച വർഷമാണിത്. കഴിഞ്ഞ തവണ 260 മില്ലിമീറ്റർ മഴ മാത്രമായിരുന്നു ലഭിച്ചത്. 60 ശതമാനം കുറവ്. സാധാരണ ജൂണിൽ ലഭിക്കേണ്ടത് 648 മില്ലിമീറ്റർ മഴയാണ്. 2018ന് ശേഷം ഇതുവരെ ഈ ഡിജിറ്റ് എത്തിയിട്ടില്ല. സമീപവർഷങ്ങളിൽ ജൂണിൽ കൂടുതൽ മഴ ലഭിച്ചത് 2013ലാണ് 1042 മില്ലിമീറ്റർ മഴ. പ്രളയവർഷമായ 2018ൽ ലഭിച്ചത് 750 മില്ലിമീറ്റർ. ...

June rainfall 25% below normal

ജൂലൈയിൽ കൂടുതൽ മഴ 
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ  പ്രവചന പ്രകാരം ജൂലൈയിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയേക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യത. 


രാജ്യത്ത് പൊതുവേയും സാധാരണയിൽ കൂടുതൽ മഴ സാധ്യത. കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ ജൂണിൽ കൂടുതൽ മഴ പ്രവചിച്ചിരുന്നെങ്കിലും കേരളത്തിൽ 25 ശതമാനം മഴ കുറവായിരുന്നു. എന്നാൽ ജൂലൈയിൽ അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനം സമ്മിശ്രമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."